ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അട്ടിമറി വിജയം; വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഋഷി സുനകിനോട് കീർ സ്റ്റാർമർ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന ബ്ലാക്ക്പൂൾ സൗത്ത് പാർലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പാർലമെന്റിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് അട്ടിമറി വിജയം. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂൾ സൗത്തിൽ ലേബർ പാർട്ടി സ്ഥാനാർഥിയായ ക്രിസ് വെബ് ആണ് അട്ടിമറി വിജയം നേടിയത്. 7,607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, 26% വോട്ടിന്റെ മുന്നേറ്റത്തോടെ ലേബർ പാർട്ടി സീറ്റ് അനായാസമായി നേടി.
1997 മുതൽ 2019 വരെ ബ്ലാക്ക്പൂൾ ലേബർ പാർട്ടിയുടെ കൈവശം ആയിരുന്നുവെങ്കിലും പിന്നീട് കൺസർവേറ്റീവ് വിജയിക്കുകയായിരുന്നു. ബ്ലാക്ക്പൂൾ ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ ‘ഞങ്ങൾക്ക് മാറ്റം വേണം’ എന്ന് വോട്ടർമാരിൽ നിന്ന് പ്രധാനമന്ത്രി ഋഷി സുനകിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമാർ പറഞ്ഞു. പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ടോറികൾക്ക് മോശം രാത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇതുവരെ അവർ കൈവശം വച്ചിരുന്ന പകുതി സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കീർ സ്റ്റാർമർ പറഞ്ഞു.