യുകെയിലെ ആരോഗ്യപ്രവർത്തകർക്ക് കാനഡയിലേക്ക് സ്വാഗതം; ബ്രിട്ടനിൽ റിക്രൂട്ടിങ് പരസ്യം
Mail This Article
കാർഡിഫ്/ലണ്ടൻ∙ യുകെയിലെ നഴ്‌സുമാരെയും ഡോക്ടര്‍മാരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് ബ്രിട്ടനിലെ തെരുവോരങ്ങളില്‍ റിക്രൂട്ടിങ് പരസ്യം. വെയിൽസിലെ കാര്‍ഡിഫിൽ ലോവര്‍ കത്തീഡ്രല്‍ റോഡിലുള്ള ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനഡയിലെ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിന്‍റെ വിപുലമായ പരസ്യ പ്രചാരണത്തിന്‍റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരസ്യങ്ങള്‍. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ പരസ്യം വാഗ്ദാനം ചെയ്യുന്നു.
യുകെയിലെ വെയില്‍സ് എന്‍എച്ച്എസിലെ കുറഞ്ഞ വേതനവും തൊഴില്‍ അസംതൃപ്തിയും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വെയില്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലെ നഴ്‌സുമാരും ഡോക്ടര്‍മാരും വിവിധ വിഷയങ്ങളില്‍ പണിമുടക്കുകൾ നടത്തിയിരുന്നു. ഇത് മുതലെടുക്കുന്ന രീതിയിലാണ് പരസ്യങ്ങള്‍. ‘നിങ്ങളെ ശ്രദ്ധിക്കുന്നിടത്ത് നിങ്ങള്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ നിങ്ങള്‍ ശ്രദ്ധിക്കൂ‘, ’രോഗികള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുമ്പോഴും നിങ്ങള്‍ക്കുള്ളത് നഷ്ടപ്പെടില്ല' എന്നൊക്കെയാണ് പരസ്യ വാചകങ്ങള്‍. ഈ രണ്ട് പരസ്യങ്ങളിലും കാനഡ, ബ്രിട്ടിഷ് കൊളംബിയയിലെ തൊഴിലവസരങ്ങളിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രവിശ്യയാണ് ബ്രിട്ടിഷ് കൊളംബിയ. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും, നിലനിര്‍ത്തുന്നതും വെയില്‍സ് എന്‍എച്ച്എസിനെ സംബന്ധിച്ച് വെല്ലുവിളി ആയിരിക്കുകയാണ് . 2023 അവസാനം റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസ്ദീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് 2,717 നഴ്‌സിങ് ഒഴിവുകള്‍ വെയില്‍സില്‍ ഉണ്ടായിരുന്നു എന്നാണ്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 1,719 ആയിരുന്നു. ഒഴിവുകൾ ഇത്രയധികം ഉണ്ടായിട്ടും തൊഴിൽ അവസരങ്ങൾ നികത്തപ്പെടാത്തതിന് പിന്നിൽ കുറഞ്ഞ തൊഴിൽ വേതനമാണെന്ന ആക്ഷേപം ഉയർന്നു വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ യുകെയിലെമ്പാടും കാനഡയുടെ ഇത്തരം റിക്രൂട്ടിങ് പരസ്യങ്ങൾക്ക് പിന്നാലെ നിലവിലെ ജീവനക്കാർ ആകൃഷ്ടരായി പോകാതെയിരിക്കാൻ മികച്ച ശമ്പള വർധനവ് ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ നൽകാൻ എൻഎച്ച്എസ് ട്രസ്റ്റുകൾ നിർബന്ധിതരാകേണ്ടി വരും.