ADVERTISEMENT

ലണ്ടൻ∙ കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കൾക്ക് ഒപ്പം ചെലവഴിക്കാൻ പോയത്. പക്ഷേ ഓർമ്മ വരുമ്പോൾ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു.  നടന്ന കാര്യങ്ങൾ കൃത്യമായ രീതിയിൽ ഓർത്ത് എടുക്കാൻ സാധിക്കുന്നില്ല.  തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളിൽ ഓർമ്മയുള്ളത് കറുത്ത ടാക്സി കാറിൽ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവർ അയാൾക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കാൻ ഫിയോണയെ ഒരു  ഡ്രിങ്കിന് ക്ഷണിച്ചു. ഇതിന് ശേഷമുള്ള കാര്യങ്ങൾ ഒന്നും തന്നെ യുവതിക്ക് ഓർക്കാൻ സാധിച്ചിരുന്നില്ല.  ആശുപത്രിയിലെ കുളിമുറിയിൽ പോയപ്പോഴാണ് താൻ പീഡനത്തിന് ഇരയായി എന്ന വിവരം ഫിയോണയ്ക്ക് മനസ്സിലായത്. ലഹരി തന്ന് തന്നെ ടാക്സി ഡ്രൈവർ പീഡിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. 

അടുത്ത ദിവസം ടാക്‌സി ഡ്രൈവർ തന്നെ ആക്രമിച്ചതായി പരാതിപ്പെടാൻ യുവതി പൊലീസിനെ സമീപിച്ചു. എന്നാൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു.  ഒരു ടാക്സി ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിച്ച് ലൈസൻസ് അപകടത്തിലാക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫിയോണയോട് പറഞ്ഞു. ഇതോടെ അന്വേഷണത്തിന് ശേഷം പൊലീസ് ഈ കേസ് അവസാനിപ്പിച്ചു .

നാല് വർഷത്തിന് ശേഷം, 2007 ൽ, 19 വയസ്സുകാരിയായ മെറീന വെസ്റ്റ് എൻഡിലെ  നിശാക്ലബിൽ നിന്ന്, സൗത്ത് ലണ്ടനിൽ താൻ താമസിക്കുന്ന വിദ്യാർഥികളുടെ താമസസ്ഥലത്തേക്ക് പോകുന്നതിന് ടാക്സി വിളിച്ചു. കറുത്ത ടാക്സിയാണ് മെറീനയെ കൂട്ടികൊണ്ടു പോകാൻ വന്നത്. തനിക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കുന്നതിന് ഡ്രൈവർ മെറീനയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ചതോടെ യുവതി ഡ്രിങ്ക് കുടിച്ചു. അടുത്ത ദിവസം താമസസ്ഥലത്ത് ഉച്ചകഴിഞ്ഞ് ഉറക്കമുണർന്ന് മെറീന താൻ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് മനസിലാക്കി. വിവരം ഈ യുവതിയും പൊലീസിനെ അറിയിച്ചെങ്കിലും ഡ്രൈവർ അയാളുടെ ഉപജീവനമാർഗം അപകടത്തിലാക്കുമെന്ന് തങ്ങൾ കരുതുന്നില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികണം.

2009ൽ സ്ത്രീകൾക്കെതിരായ ആക്രമണത്തിന് കറുത്ത ടാക്സി കാർ ഓടിച്ചിരുന്ന ഡ്രൈവറും ജോൺ വോർബോയ്‌സ് വിചാരണ നേരിടാൻ തുടങ്ങി. സീരിയൽ റേപ്പിസ്റ്റായ പ്രതിക്കെതിരെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് 89 കുറ്റകൃത്യങ്ങളാണ് ആരോപിക്കുന്നത്. 2002 നും 2008 നും ഇടയിൽ, പത്ത് സ്ത്രീകൾ സമാനമായ ആരോപണങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കുറ്റവാളി പിടിയിലായി വാർത്ത വന്നതോടെ തങ്ങളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് 105 സ്ത്രീകളാണ് പരാതിയുമായി മുന്നോട്ട് വന്നത്. മെറീനയും ഫിയോണയും തങ്ങൾ നൽകിയ പരാതി പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഇത്രയും പേർ ലൈംഗികപീഡനത്തിന് ഇരയായി മാറില്ലെന്ന് വ്യക്തമാക്കുന്നു. 

2018ൽ പൊലീസ് വീഴ്ച്ചയെ തുടർന്ന് ഫിയോണയ്ക്ക് നഷ്ടപരിഹാരമായി  22,500 പൗണ്ട് മെറീനയ്ക്ക്  19,000 പൗണ്ടും നൽകാൻ കോടതി ഉത്തരവിട്ടു. ഇരട്ടജീവപര്യന്തം വിധിച്ചതിനെ തുടർന്ന് ജയിലിൽ കഴിയുന്ന പ്രതിക്ക് പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിച്ചതിനാൽ 2019 ൽ പരോളിനുള്ള നീക്കം നടന്നിരുന്നു. ഇതിനെ നിയമപോരട്ടത്തിലൂടെ ഇരകൾ തടഞ്ഞു. 

മെറ്റ് പൊലീസ് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും പലപ്പോഴും കൃത്യമായി നടപടിയെടുക്കുന്നില്ലെന്ന്  ആൻജിയോലിനി കമ്മീഷൻ  റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ ജോൺ വോർബോയ്‌സ് കേസും പരാമർശിക്കുന്നുണ്ട്. യുകെയിൽ  സാറ എവറാർഡിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസും സമാനമായ രീതിയിൽ പൊലീസ് വീഴച്ചയുടെ ഉദാഹാരണമാണെന്ന് ആൻജിയോലിനി കമ്മീഷൻ കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
(ഫിയോണ, മെറീന എന്നത് യഥാർഥ പേരല്ല. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതായി പേരുകൾ മാറ്റിയാണ് നൽകിയിരിക്കുന്നത്.)

English Summary:

John Worboys, also known as the "black cab rapist," committed serial sexual assaults in London.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com