84 വർഷങ്ങൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽ വീണ്ടും കമ്മ്യുണിസ്റ്റ് പാർട്ടി രൂപികരിച്ചു
Mail This Article
സൂറിക് ∙ 84 വർഷങ്ങൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽ വീണ്ടും കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ചു. ബേണിലെ ബുർഗ്‌ഡോർഫിൽ 342 ഡെലിഗേറ്റ്സുകൾ പങ്കെടുത്ത ത്രിദിന സമ്മേളനത്തിലാണ്, റവലൂഷനറി കമ്യുണിസ്റ്റ് പാർട്ടി ഓഫ് സ്വിറ്റ്സർലൻഡിന് (ആർകെപി) രൂപം നൽകിയത്.
യൂണിവേഴ്‌സിറ്റി വിദ്യാർഥികളും, ഇതര യുവജനങ്ങളും മുഖ്യമായി പങ്കെടുത്ത പാർട്ടി കോൺഗ്രസ്, ദേർസു ഹെരിയെ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തു. സാമ്രാജ്യത്വം, പണപ്പെരുപ്പം, കാലാവസ്ഥ പ്രതിസന്ധി, പലസ്തീൻ പ്രശ്‌നം എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയങ്ങൾ. സ്വിസ് യൂണിവേഴ്സിറ്റികളിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ നൽകുവാനും, പ്രതിഷേധം ഉർജ്ജിതമാക്കുവാനും ആർകെപി തീരുമാനമെടുത്തു.
1921 ലാണ് സ്വിറ്റ്സർലൻഡിൽ കമ്യുണിസ്റ്റ് പാർട്ടി പിറക്കുന്നത്. 1940 ൽ സ്വിസ് സർക്കാർ കമ്യുണിസ്റ്റ് പാർട്ടിയെ നിരോധിക്കുമ്പോൾ ആറായിരത്തോളം മെമ്പർമാരായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. നിരോധനത്തിനെതിരെ പാർട്ടി പരമോന്നത കോടതിയെ സമീപിച്ചെങ്കിലും, നിരോധനം കോടതിയും ശരിവയ്ക്കുകയായിരുന്നു. പ്രത്യയശാസ്ത്രത്തേക്കാൾ അക്രമത്തിനും, അട്ടിമറിക്കും മുൻതൂക്കം നൽകിയുള്ള പ്രവർത്തനമാണ് പാർട്ടി നടത്തുന്നത് എന്നാണ് അന്ന് കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തിയത്. പലസ്തീന് അനുകൂലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മുന്നേറ്റങ്ങളുമായി സഹരിക്കുന്നത് ലക്ഷ്യം വച്ച് പാർട്ടിയുടെ അടുത്ത സമ്മേളനം ജൂൺ 10 മുതൽ 15 വരെ ചേരും.