മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്
Mail This Article
ബര്‍ലിന്‍ ∙ ഫോർമുല വൺ റേസിങ് ലോകത്തിലെ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ 4.4 മില്യൻ യൂറോയ്ക്ക് വിറ്റഴിഞ്ഞു. റെക്കോർഡ് വിലയാണ് ലേലത്തിൽ ലഭിച്ചത്. ഏഴ് തവണ ഫോർമുല വൺ ചാംപ്യനായ ഷൂമാക്കറുടെ എട്ട് വാച്ചുകളാണ് ലേലത്തിൽ വിറ്റഴിഞ്ഞത്. 2013-ൽ ഒരു സ്കീയിങ്ങിനിടെയുണ്ടായ അപകടത്തിന് ശേഷം വർഷങ്ങളോളം കോമയിൽ കഴിയുന്ന ഷൂമാക്കർ അതിനു ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. റോലക്സ്, ഓഡെമാർസ് പിഗ്വെറ്റ്, പീജ്യറ്റ്, പറ്റെക് ഫിലിപ്പെ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള വാച്ചുകളാണ് ലേലത്തിൽ ഉണ്ടായിരുന്നത്.
1994-ൽ ഷൂമാക്കർ ആദ്യമായി ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പ് നേടിയതിന്‍റെ 30-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ കുടുംബമാണ് ഈ ലേലം സംഘടിപ്പിച്ചത്. ഈ ലേലത്തിൽ നിന്നുള്ള വരുമാനം ഷൂമാക്കറുടെ ഭാര്യ കൊറിന ഷൂമാക്കർ സ്ഥാപിച്ച "കീപ്പ് ഫൈറ്റിങ് ഫൗണ്ടേഷൻ" എന്ന സ്ഥാപനത്തിന് നൽകും. ഈ സ്ഥാപനം തലച്ചോറിന് പരുക്കേറ്റവരെ സഹായിക്കുന്നതിനാണ് പ്രവർത്തിക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ വിലകിട്ടിയത് പടെക് ഫിലിപ്പെയുടെ വിന്‍റേജ് പിങ്ക് വാച്ചിനാണ് - 27,11,500 ഡോളർ. പ്ലാറ്റിനത്തിൽ നിർമിച്ച് വൈറ്റ് ഗോൾഡ് പൂശിയ മറ്റൊരു വാച്ചിന് 16,46,700 ഡോളർ ലഭിച്ചു. ഫെറാറിയുടെ ലോഗോയും ഷൂമിയുടെ ഹെൽമെറ്റും ഏഴ് കിരീടങ്ങളെ സൂചിപ്പിക്കുന്ന "7" എന്ന അക്കവും ഈ വാച്ചിൽ ഉണ്ടായിരുന്നു.