ജോര്‍ജിയയില്‍ വാഹനാപകടം; 3 ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികൾ മരിച്ചു; 2 പേർക്ക് പരുക്ക്
Mail This Article
അല്‍ഫ്രേറ്റ ∙ ജോര്‍ജിയയിലെ അല്‍ഫ്രേറ്റയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് ഇന്ത്യന്‍– അമേരിക്കന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. രണ്ടുപേര്‍ക്ക് പരുക്കേറ്റു.
ആര്യന്‍ ജോഷി, ശ്രിയ അവര്‍സല, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്. ശ്രിയയും അന്‍വിയും ജോര്‍ജിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ആര്യന്‍ അല്‍ഫ്രേറ്റ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമാണ്. റിത്വക് സോംപള്ളി, മുഹമ്മദ് ലിയാഖത്ത് എന്നിവരാണ് പരുക്കേറ്റ രണ്ടുപേര്‍. റിത്വക്കാണ് അപകടസമയത്ത് കാറോടിച്ചിരുന്നതെന്നും നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ആര്യന്‍ ജോഷിയും ശ്രിയയും സംഭവ സ്ഥലത്ത് വച്ചും അന്‍വി നോര്‍ത്ത് ഫ്ലട്ടനിലെ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.