തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ വനിത കൗണ്‍സിലര്‍ക്ക് പദവി നഷ്ടമായി
Mail This Article
ബ്രിസ്റ്റോൾ∙ ബ്രിട്ടനിൽ അടുത്തിടെ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സിലര്‍ക്ക് പദവി നഷ്ടമായി. കൗണ്‍സില്‍ തന്നെ നടത്തുന്ന സ്‌കൂളിലെ അധ്യാപികയായതിനാലാണ് പദവി നഷ്ടമായതെന്നാണ് ബ്രിസ്റ്റോൾ കൗൺസിൽ നൽകുന്ന വിശദീകരണം. കൗണ്‍സിലില്‍ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരിയായതിനാൽ കൗൺസിലറായി തുടരാൻ കഴിയില്ലെന്നാണ് പദവി നഷ്ടപ്പെട്ട ഡെബോറ വിറ്റോറിയെ കൗണ്‍സിൽ അധികൃതർ അറിയിച്ചത്. ഇക്കഴിഞ്ഞ മേയ് 3 ന് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിസ്റ്റോളിലെ ഹോര്‍ഫീല്‍ഡ് സീറ്റില്‍ നിന്നായിരുന്നു ഡെബോറ വിറ്റോറി ലേബർ പാർട്ടി സ്ഥാനാർഥിയായി വിജയിച്ചത്. ഇനി ഇവിടെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും.
എന്നാൽ തനിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലന്നും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ഈ വിഷയം ഒരിക്കല്‍ പോലും ഉയര്‍ന്ന് വന്നിരുന്നില്ലന്നും ഡെബോറ വിറ്റോറി പറഞ്ഞു. കൗൺസിലിന്‍റെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും ഹോർഫീൽഡിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി ഉണ്ടെന്നും ഡെബോറ വിറ്റോറി പ്രതികരിച്ചു. കൗണ്‍സിലിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കര്‍ക്ക് കൗണ്‍സിലര്‍മാര്‍ ആകാന്‍ 1972 ലെ ലോക്കല്‍ ഗവണമെന്‍റ് ആക്റ്റ് അനുവദിക്കുന്നില്ല എന്ന് ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പായി എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് സ്ഥാനാർഥിയുടെ ഏജന്‍റിന്‍റെ കടമയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. തൊട്ടടുത്ത എതിർ സ്ഥാനർഥിയായിരുന്ന അന്ന മിയേഴ്സിനേക്കാൾ 582 വോട്ടുകൾ അധികം നേടിയാണ് ഡെബോറ വിറ്റോറി വിജയിച്ചത്.