ബൈജു തിട്ടാല വർക്കി കേംബ്രിജ് കൗൺസിൽ മേയറായി ചുമതലയേറ്റു; ഏറെ ആഹ്ലാദത്തോടെ മലയാളി സമൂഹം
Mail This Article
കേംബ്രിജ് ∙ ബ്രിട്ടനിലെ കേംബ്രിജ് കൗൺസിൽ മേയറായി യുകെ മലയാളിയായ കൗൺസിലർ ബൈജു തിട്ടാല വർക്കി ചുമതലയേറ്റു. കേംബ്രിജ് കൗൺസിലിലെ ഗിൽഡ്ഹാളിൽ ഇന്ന് രാവിലെ 11 ന് നടന്ന വാർഷിക കൗൺസിൽ യോഗത്തിലാണ് കോട്ടയം ജില്ലയിലെ ആർപ്പൂക്കര സ്വദേശിയായ ബൈജു തിട്ടാല മേയർ പദവിയിൽ ചുമതലയേറ്റത്. നിലവിൽ ഡെപ്യൂട്ടി മേയർ ആയിരുന്നു ലേബർ പാർട്ടി പ്രതിനിധിയായ ബൈജു തിട്ടാല. ഒരു വർഷമാണ് മേയർ പദവിയിൽ ബൈജുവിന്റെ കാലാവധി. കേംബ്രിജിലെ 42 അംഗ കൗൺസിലിൽ 25 പേരുടെ ഭൂരിപക്ഷമാണ് ലേബർ പാർട്ടിക്കുള്ളത്. നിലവിൽ മേയറായ കൗൺസിലർ ജെന്നി ഗോത്രോപ് വുഡിന്റെ പിൻഗാമിയായാണ് ബൈജുവിന്റെ നിയമനം.
ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ ബൈജുവിന്റെ കുടുംബാംഗങ്ങളോടൊപ്പം മലയാളികളായ ഏതാനം സുഹൃത്തുക്കൾക്കും കൗൺസിൽ ഹാളിൽ അതിഥികളായി പ്രവേശനം ലഭിച്ചിരുന്നു. ഭാര്യ ആൻസി തിട്ടാല, മക്കളായ അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൻസ് തിട്ടാല എന്നിവരെ കൂടാതെ യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളായ എമി സെബാസ്റ്റ്യൻ, ജോസ് കുത്തമ്പിള്ളിൽ, ഡിനു ജോസ് മുണ്ടക്കൽ, ബിജു ആന്റണി, ജിയോ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പടെയുള്ളവരും ചുമതലയേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുത്തു. സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗൺസിലുകളിൽ മേയറാകുന്ന ഏഴാമത്തെ മലയാളിയാണ് ബൈജു തിട്ടാല.