ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
Mail This Article
ബ്രസല്‍സ് ∙ വിവിധ മേഖലകളിലും സാഹചര്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉള്‍പ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ അംഗീകരിച്ചു. നിയമപാലനം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതു തീര്‍ത്തും സുതാര്യവും കൃത്യവും, സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായിരിക്കണം എന്ന് ഇതില്‍ നിഷ്കര്‍ഷിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിനെ പരിശീലിപ്പിക്കാന്‍ ഉപയോക്കുന്ന ഡേറ്റയുടെ നിലവാരവും ഉറപ്പാക്കണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമനിര്‍മാണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണ ലഭിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിമാരുടെ അംഗീകാരം ലഭ്യമാകുന്നത്. അപകടസാധ്യതയുള്ള മേഖലകളില്‍ ഇത് ഉപയോഗപ്പെടുത്തും മുന്‍പ് നിര്‍ദിഷ്ട അധികൃതരുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നു. ആരോഗ്യം, സുരക്ഷ, മൗലികാവകാശങ്ങള്‍, പരിസ്ഥിതി, ജനാധിപത്യം, തിരഞ്ഞെടുപ്പ്, നിയമവാഴ്ച എന്നിങ്ങനെയുള്ള വിവിധ മേഖലകളിലെ അപകടസാധ്യതയാണ് കണക്കിലെടുക്കുന്നത്.
ചൈനയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സോഷ്യല്‍ ക്രെഡിറ്റ് സ്കോറിങ് സിസ്റ്റം യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണമായി നിരോധിതമായിരിക്കും. ആളുകളുടെ ജാതി, മതം, മറ്റു ലോകവീക്ഷണങ്ങള്‍, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് വര്‍ഗീകരണത്തിനും എഐ ഉപയോഗിക്കാന്‍ പാടില്ല.
സിസിടിവിയിലെ റിയല്‍ടൈം റെക്കഗ്നീഷന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, നിയമവാഴ്ച ഉറപ്പാക്കുന്ന കാര്യങ്ങളില്‍ ഇതിനു ചില ഇളവുകളും നല്‍കിയിട്ടുണ്ട്. കാണാതായവരെ തിരിച്ചറിയുക, കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ കണ്ടെത്തുക, മനുഷ്യക്കടത്ത് തടയുക, ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കാം. യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ നിയമം ഫലപ്രദമായി നടപ്പാകുന്നു എന്ന് ഉറപ്പാക്കാന്‍ പുതിയൊരു എഐ ഓഫിസും യൂറോപ്യന്‍ കമ്മിഷനുള്ളില്‍ സ്ഥാപിക്കും.