കവന്ററിയിൽ ‘മലങ്കര ഓർത്തഡോക്സ് സംഗമം’; വിശുദ്ധ കുർബാന ആരംഭിച്ചു
Mail This Article
ലണ്ടൻ/കവന്ററി ∙ മലങ്കര നസ്രാണി പൈതൃകവും പാരമ്പര്യവും അനുസ്മരിപ്പിച്ച് ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മലങ്കര ഓർത്തഡോക്സ് സംഗമം’ യുകെയിലെ കവന്ററിയിലെ മാർ മക്കാറിയോസ് നഗറിൽ ആരംഭിച്ചു. രാവിലെ 7.30 ന് പ്രഭാത നമസ്കാരത്തോടെയാണ് സംഗമത്തിന് തുടക്കമായത്. യുകെയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള 2500 ൽപ്പരം വിശ്വാസികൾ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
സംഗമത്തോട് അനുബന്ധിച്ചു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൊതുസമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ച യുകെയിൽ എത്തിയ കാതോലിക്കാ ബാവാ കഴിഞ്ഞ ദിവസം കവന്ററിയിലെ സമ്മേളന വേദി സന്ദർശിക്കുകയും സന്ധ്യാ നമസ്കാരം അർപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് ടി മാത്യുവിന്റെ നേതൃത്വത്തിലുള്ള വൈദീക സംഘവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് വിശുദ്ധ കുർബാനയെ തുടർന്ന് 11.30 ന് ആരംഭിക്കുന്ന ഉച്ച ഭക്ഷണത്തിന് ശേഷം 12.30 ന് പ്രദക്ഷിണത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെ നടക്കുന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. തുടർന്ന് 2.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ സംഭകളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിക്കും. സംഗമ വേദിയുടെ വിലാസം: Sports Connexion, Leanington Road, Ryton On Dunsmore, Coventry CV83FL
സംഗമ വേദിയിൽ നിന്നുള്ള യു ട്യൂബ് ലൈവിന്റെ ലിങ്ക്:
https://www.youtube.com/live/BqPjBRfLMlo?si=NE2yJrzzpfCCsEvb