ADVERTISEMENT

വെയിൽസ് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെയിലെ ആദ്യ തീർഥാടന ദേവാലയമായി സൗത്ത് വെയിൽസിലെ 'ദി ഹോളി ഇന്നസെന്റ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിനെ' സഭ ഔദ്യോഗികമായി പ്രഖ്യാപിക്കും. മേയ് 31 വെള്ളിയാഴ്ച മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സൗത്ത് വെയിൽസ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ 7.45 ന് ദേവാലയത്തിൽ എത്തുന്ന കാതോലിക്ക ബാവാ രാവിലെ 8 ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും അർപ്പിക്കും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, തീർത്ഥാടന ദേവാലയ പ്രഖ്യാപനം, പെരുന്നാൾ പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവ നടക്കും.

the-holy-innocents-indian-orthodox-church2

പ്രഖ്യാപനത്തോട്‌ അനുബന്ധിച്ച് ഇന്ന് (മേയ് 30) വൈകിട്ട് 6. 30 ന് സഭയുടെ യുകെ, യൂറോപ്പ്‌ ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത സൗത്ത് വെയിൽസ് ചർച്ചിൽ എത്തുകയും സന്ധ്യാനമസ്കാരത്തിന് ശേഷം 7.45 ന് ‘സഹദാ മുറി’ വിശ്വാസികൾക്കായി സമർപ്പിക്കുകയും ചെയ്യും. ശിശുസഹദേന്മാരുടെ നാമധേയത്തിലുള്ള മലങ്കര ഓർത്തഡോക്സ് സഭയിലെ രണ്ടാമത്തെ ദേവാലയവും യുകെയിലെ ആദ്യ ദേവാലയവുമാണ് വെയിൽസിലെ ‘ദി ഹോളി ഇന്നസെന്റ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്’.

the-holy-innocents-indian-orthodox-church3

2019 ജൂൺ 1 ന് സ്വന്തമായി ദേവാലയം വാങ്ങി കൂദാശ നിർവഹിക്കപ്പെട്ട ഇടവകയുടെ മാതൃ ദേവാലയം ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ആണ്. ഏകദേശം അറുപതോളം കുടുംബങ്ങൾ അംഗങ്ങളായുള്ള ദേവാലയത്തിൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാന നടക്കുന്നുണ്ട്.

സഭയുടെ യുകെ, യൂറോപ്പ്‌ ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ മുൻ അധ്യക്ഷൻ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയാണ് തീർഥാടന ദേവാലയമായി പ്രഖ്യാപിക്കാനുള്ള ആഗ്രഹം മുന്നോട്ടു വച്ചത്. തുടർന്ന് ഇടവക പൊതുയോഗത്തിന്റെ അപേക്ഷ ഇപ്പോഴത്തെ ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത വഴി കാതോലിക്കാ ബാവായ്ക്ക് സമർപ്പിക്കുകയായിരുന്നു. കാതോലിക്കാ ബാവ തുടർന്ന് നടത്തിയ ഹിത പരിശോധനയിലാണ് തീർഥാടന ദേവാലയമായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. തീർത്ഥാടന ദേവാലയ പ്രഖ്യാപന ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായും എല്ലാ വിശ്വാസികളെയും മേയ് 30, 31 തീയതികളിൽ സൗത്ത് വെയിൽസ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇടവക വികാരിയും സഭയുടെ ഭദ്രാസന സെക്രട്ടറിയുമായ ഫാ. വർഗീസ് ടി മാത്യു, ട്രസ്റ്റി എബ്രഹാം ഈപ്പൻ, സെക്രട്ടറി ബിൻസി സുബിൻ എന്നിവർ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:
Holy Innocents Indian Orthodox Church, Graig Rd, Briton Ferry, Neath, Wales Post Code: SA11 2YY

English Summary:

The Holy Innocents Indian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com