രാവിലെ മോദിയുടെ പതനം ആഘോഷിച്ച് ബിബിസി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ; ഉച്ചകഴിഞ്ഞ് വിജയവും
Mail This Article
ലണ്ടൻ ∙ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വൻ വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലഭിച്ച അപ്രതീക്ഷിത പ്രഹരം ആഘോഷിച്ച് ബിബിസി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ. രാവിലെ ലീഡ് നില മാറിമറിഞ്ഞ നിമിഷങ്ങളിൽ ബിജെപിക്കും മോദിക്കും കനത്ത തിരിച്ചടി എന്ന രീതിയിൽ വലിയ വാർത്ത നൽകിയ മാധ്യമങ്ങൾ, ഭരണത്തുടർച്ച ഉണ്ടാകുമെന്ന സ്ഥിതി വന്നതോടെ നിലപാട് മാറ്റി. വൈകിട്ടോടെ വീണ്ടും മോദി സ്തുതിയുമായി മാധ്യമങ്ങൾ രംഗത്തെത്തി.
ബ്രിട്ടനിലെ പ്രവാസ ലോകത്തും സമാനമായിരുന്നു പ്രതികരണം. അപ്രതീക്ഷിതമായി ലഭിച്ച മുന്നേറ്റം പ്രവാസ ലോകത്തെ കോൺഗ്രസ് സംഘടനകളും പാർട്ടി അനുകൂലികളും മതിമറന്ന് ആഘോഷിച്ചു. ഭരണം കിട്ടിയില്ലെങ്കിലും മികച്ച പ്രതിപക്ഷമാകാൻ കഴിഞ്ഞതിലായിരുന്നു ഇവരുടെ സന്തോഷം. ബിജെപി അനുകൂല പ്രവാസി സംഘടനകൾക്കും സൈബർ പോരാളികൾക്കുമൊന്നും രാവിലെ അനക്കമില്ലായിരുന്നു. എന്നാൽ സഖ്യകക്ഷികളുടെ പിൻബലത്തിൽ ഭരണം നിലനിർത്താമെന്നായതോടെ എല്ലാവരും സടകുടഞ്ഞ് എഴുന്നേറ്റു.
ഭരണം കഷ്ടിച്ചു ലഭിക്കുമെങ്കിലും വാരാണാസിയിൽ മോദിക്കും അമേഠിയിൽ സ്മൃതി ഇറാനിക്കും ഏറ്റ കനത്ത തിരിച്ചടിയാണ് ബിജെപിയുടെ പ്രവാസി പ്രവർത്തകരെ നിരാശരാക്കിയത്. ഒപ്പം രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ നേടിയ വൻ വിജയവും മോദി ഭക്തരെ നിരാശരാക്കി. ഇതിനിടയിൽ ഇവർക്ക് അൽപം ആശ്വാസമായത് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയംമാത്രം.
സൈബർ ലോകത്ത് കോൺഗ്രസ് അനുകൂലികൾ ഏറ്റവും അധികം കൊണ്ടാടിയത് സ്മൃതി ഇറാനിയുടെ തോൽവിയാണ്. രാഹുലിനെ തോൽപിച്ച സ്മൃതി ഇറാനിയെ സോണിയയുടെ പിഎ തോൽപിച്ചതറിഞ്ഞ് കോൺഗ്രസുകാർ മതിമറന്ന് ആഹ്ലാദിച്ചു. ഒപ്പം വാരണാസിയിൽ രണ്ടു മണിക്കൂറോളം പിന്നിൽ നിന്ന പ്രധാനമന്ത്രി നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നും രണ്ടുലക്ഷത്തിൽ താഴേയ്ക്ക് കൂപ്പുകുത്തിയതും അവർ ആഘോഷമാക്കി.
ബിജെപിയുടെ മൂന്നാം ഊഴം ആഘോഷിക്കാനിരുന്നവർ പലരും പതിയെ മാളത്തിൽ ഒളിച്ചതോടെ ഇന്ത്യാ മുന്നണിയുടെ അപ്രതീക്ഷത മുന്നേറ്റം ആഘോഷിക്കാനായി വൈകുന്നേരത്തോടെ കോൺഗ്രസുകാർ കൂട്ടത്തോടെ റസ്റ്ററന്റുകളിലും വീടുകളിലും ഒത്തുകൂടി. ചുരുക്കി പറഞ്ഞാൽ നാട്ടിലേക്കാൾ ആവേശത്തിലായിരുന്നു വിദേശങ്ങളിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനദിനം. അവധിയെടുത്തിരുന്നാണ് പലരും ഇന്നലെ തിരഞ്ഞെടുപ്പു ഫലം ആസ്വദിച്ചത്.