ശിശു സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ലേബർ പാർട്ടി; കൂടുതൽ പൊലീസുകാരെ റിക്രൂട്ട് ചെയ്യുമെന്ന് കണ്‍സര്‍വേറ്റീവ് പാർട്ടി
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഒൻപത് മാസം മുതൽ പ്രായമുള്ള കുട്ടികള്‍ക്കായി ഒരു ലക്ഷത്തിലധികം ശിശു സംരക്ഷണ കേന്ദ്രങ്ങളും മൂവായിരത്തിലധികം നഴ്സറികളും തുടങ്ങുമെന്ന് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. ബ്രിട്ടനിലെ മാതാപിതാക്കാൾ ഇരുവരും ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമാകുമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതിനോടകം ലേബർ പാർട്ടി നൽകിയിട്ടുള്ള വാഗ്ദാനങ്ങളിൽ ഒരു പ്രധാന വാഗ്ദാനമായി ഈ പ്രഖ്യാപനം മാറിയിട്ടുണ്ട്.
നഴ്സറികളുടെ നിലവാരം ഉയര്‍ത്തുമെന്നും നിലവിലുള്ള പ്രൈമറി സ്‌കൂളുകളിലെ ക്ലാസ് മുറികളെ 'സ്‌കൂള്‍ അധിഷ്ഠിത നഴ്സറികള്‍' ആക്കുമെന്നും ലേബര്‍ പാർട്ടി പറഞ്ഞു. ഒരു ക്ലാസ് റൂമിന് ഏകദേശം 40,000 പൗണ്ടാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് ഈടാക്കുന്ന വാറ്റ് നികുതിയില്‍ നിന്നാണ് ഇതിനുള്ള പണം സമാഹരിക്കുക. പ്രൈമറി സ്‌കൂള്‍ കെട്ടിടങ്ങളില്‍ നിന്ന് വിട്ടുനല്‍കിയ സ്ഥലങ്ങളിൽ 3,334 പുതിയ ഉയര്‍ന്ന നിലവാരമുള്ള നഴ്സറികള്‍ക്കായി ഉപയോഗിക്കുമെന്ന് ലേബര്‍ പാർട്ടി പറഞ്ഞു. ശിശുസംരക്ഷണ സ്ഥലങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളിൽ ആവശ്യമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനങ്ങളിൽ ഉണ്ട്. രാജ്യത്തെ പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കാന്‍ വരെ നിര്‍ബന്ധിതരാകുന്നുമുണ്ട്.
ബ്രിട്ടനിലെ ക്രമസമാധാന പാലനത്തിനായി 8,000 പുതിയ പൊലീസ് ഓഫിസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നാണ് കണ്‍സര്‍വേറ്റീവ് പാർട്ടിയുടെ പ്രഖ്യാപനം. പദ്ധതികള്‍ പ്രകാരം പുതിയ നെയ്ബര്‍ഹുഡ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനും മോഷ്ടിച്ച സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള അധികാരം വര്‍ധിപ്പിക്കും. വീസ ഫീസ് വര്‍ധിപ്പിച്ചും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജിൽ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം നീക്കം ചെയ്തും പൊലീസ് സേനയ്ക്കുള്ള പണം കണ്ടെത്താനാണ് ശ്രമം. 2010 ല്‍ അധികാരത്തില്‍ വന്നതിനുശേഷം കൺസർവേറ്റീവ് സര്‍ക്കാര്‍ നെയ്ബര്‍ഹുഡ് പൊലീസിനെ ഇല്ലാതാക്കിയെന്ന് കുറ്റപ്പെടുത്തിയ ലേബര്‍ പാർട്ടിയുടെ ആരോപണം ഇതോടെ മറുമെന്നാണ് പരക്കെ ഉയർന്നു വരുന്ന അഭിപ്രായം.