ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പ്; ഇന്ന് രാത്രി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം, പോസ്റ്റൽ വോട്ടിനായി നാളെ വരെ അപേക്ഷിക്കാം
Mail This Article
ലണ്ടൻ ∙ 16 വയസ് പൂർത്തിയായോ? ഇനിയും വോട്ടർപട്ടികയിൽ പേര് ചേർത്തില്ലേ? എങ്കിൽ ഒട്ടും വൈകണ്ട, ബ്രിട്ടനിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വോട്ടറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് കൂടി വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഇന്ന് (18/6/2024) യുകെ സമയം രാത്രി 11.59 വരെ https://www.gov.uk/register-to-vote എന്ന ലിങ്ക് വഴി ആണ് ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ കഴിയുക. യുകെ പൗരത്വം ഉള്ളവർക്ക് പുറമെ കോമൺ വെൽത്ത് രാജ്യങ്ങളിൽ പൗരത്വം ഉള്ള ഏതൊരാൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ട് ചെയ്യുവാനും കഴിയും. ഓൺലൈൻ അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. വോട്ടർ പട്ടികയിൽ പേര് ചേർത്തവർക്ക് പോസ്റ്റൽ വോട്ട് ലഭിക്കുന്നതിനായി https://postal-vote.service.gov.uk എന്ന ലിങ്ക് വഴി നാളെ (19/6/2024) വൈകിട്ട് 5 വരെയും അപേക്ഷിക്കാം.
ബ്രിട്ടനിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇപ്പോൾ രണ്ടാഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. കൺസർവേറ്റീവ് പാർട്ടിയെ പ്രധാനമന്ത്രി ഋഷി സുനകാണ് നയിക്കുന്നത്. ലേബർ പാർട്ടിയെ സർ കീർസ്റ്റാർമറും നയിക്കുന്നു. മിക്ക ഇടങ്ങളിലും കൺസർവേറ്റീവ്, ലേബർ പാർട്ടികൾ തമ്മിലാണ് മുഖ്യ പോരാട്ടം. ഇക്കഴിഞ്ഞ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് കൂടുതൽ കൗൺസിലർമാരെ നേടിയ ലിബറൽ ഡമോക്രാറ്റ് പാർട്ടിയും മിക്കയിടങ്ങളിലും മത്സര രംഗത്തുണ്ട്. പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൂടുതൽ കൗൺസിലർമാരെ നേടിയ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ എംപിമാർ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലേബർ പാർട്ടി.
ജൂലൈ 4 രാവിലെ ഏഴു മുതൽ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകൾ. ഇരുപതു ശതമാനത്തോളം പേർ പോസ്റ്റൽ വോട്ട് ജൂലൈ 4 ന് മുൻപ് രേഖപ്പെടുത്തും.