‘വീസ തട്ടിപ്പു കേസുകളില്‍ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’
Mail This Article
ലണ്ടന്‍ ∙ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീസ തട്ടിപ്പു കേസുകളില്‍ കേരള സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സോണിയ സണ്ണി. വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കും വാജ ഏജന്‍സികള്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ രാജ്യാന്തര പ്രസിഡന്റ് ജോസ് ഏബ്രഹാമാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.
വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തില്‍ രണ്ടു മാസത്തിനകം തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശം. വീസ തട്ടിപ്പിനെതിരെ മനോര ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പടെ പരിഗണിച്ചാണ് ഹൈക്കടതി ജഡ്ജി ജസ്റ്റിസ് ടി.ആര്. രവി അന്വേഷണത്തിനു നിര്‍ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും നോര്‍ക്കയെയും എതിര് കക്ഷികളാക്കിയാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍ തൊഴില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ ഇതിനു ചുക്കാന്‍ പിടിക്കുന്ന കേരളത്തിലെ തന്നെ ഏജന്‍സികളെ നിയന്ത്രിക്കണമെന്നാണ് ആവശ്യം. നിലവില്‍ ഈ ഏജന്‍സികള്‍ നിലവിലുള്ള എമിഗ്രേഷന്‍ നിയമത്തിനു പുറത്താണ് എന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകള്‍ നടത്തുന്നത്.
കോടികളുടെ തട്ടിപ്പു നടന്നതായി സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ കോടതി ഇടപെടല്‍ ആശ്വാസമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ വിവിധ ചാപ്റ്ററുകളുടെ ചുമതലയുള്ള സുധീര്‍ തിരുനിലത്ത്, ടി.എന്‍. കൃഷ്ണകുമാര്‍, അബ്ദുള്‍ റഊഫ് തുടങ്ങിയവര്‍ പറഞ്ഞു. തൊഴില്‍ തട്ടിപ്പു കേസുകളില്‍ പെടുന്നവരെ നാട്ടിലേയ്ക്കു തിരികെ എത്തിക്കുക വലിയ നൂലാമാലകളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടു തന്നെ ലളിതമായ പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്തിലെ തന്നെ ഏജന്‍സികളെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.