നാലു വയസ്സുകാരിയുടെ അവയവങ്ങൾ ദാനം ചെയ്തു; റെഡിച്ചിൽ അന്തരിച്ച എയ്ഞ്ചലിന്റെ സംസ്‌കാരം ശനിയാഴ്ച
Mail This Article
ലണ്ടൻ. യുകെ ബര്‍മിങ്ങാമിന് സമീപം റെഡിച്ചിൽ അന്തരിച്ച നാലു വയസ്സുകാരി എയ്ഞ്ചൽ (ടിയാന) ജോസഫിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 10.30 ന് റെഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുക. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റെഡിച്ചിലെ അബേ ക്രിമറ്റോറിയത്തില്‍ സംസ്‌കാരവും നടക്കും. റെഡിച്ചിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയും അലക്‌സാന്‍ഡ്രാ ഹോസ്പിറ്റല്‍ സ്റ്റാഫുമായ ജോസഫ് തോമസ് തെക്കേടത്ത് (ടിജോ) - അഞ്ജു ദമ്പതികളുടെ മകളാണ് എയ്ഞ്ചൽ. മകളുടെ വിയോഗത്തിന്റെ തീരാനൊമ്പരത്തിലും അവയവദാനത്തിനുള്ള സമ്മതം മാതാപിതാക്കൾ രേഖാമൂലം നൽകിയിരുന്നു. ഇതേ തുടർന്ന് അവയവങ്ങൾ ദാനം ചെയ്തു.
അസുഖത്തെ തുടർന്ന് ചികിത്സയിൽ തുടരവേയാണ് മരണം. റെഡിച്ചിലെ സെൻട്രൽ ഹോസ്പിറ്റലിലാണ് ഏയ്ഞ്ചൽ ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ അവസ്ഥ വഷളായതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ അവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് എയ്ഞ്ചലിനെ അടിയന്തിരമായി ബർമിങ്ങാം ചിൽഡ്രൻ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഈ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് എയ്ഞ്ചൽ വിടവാങ്ങിയത്. എയ്ഞ്ചലിന്‍റെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. എയ്ഞ്ചലിന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന കുടുംബത്തിന് സാന്ത്വനമായി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അരികിലുണ്ട്.
ദേവാലയത്തിന്റെ വിലാസം:
Our Lady of Mount Carmel RC Church,
Redditch, B98 8LT
ക്രിമറ്റോറിയത്തിന്റെ വിലാസം:
Abbey Crematorium, Redditch, B97 6RR