യുകെയിലെത്തി ഒരു മാസത്തിനകം കാർ അപകടം; മരിച്ച ഹെലേന മേരിക്ക് ഇന്ന് കാര്‍ഡിഫ് മലയാളി സമൂഹം വിട നല്‍കും
Mail This Article
ലണ്ടൻ/കാർഡിഫ് ∙ വെയിൽസിലെ കാർഡിഫിൽ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരക്കേറ്റ് ചിത്സയിൽ കഴിയവേ മരിച്ച മലപ്പുറം നിലമ്പൂർ സ്വദേശിനി ഹെലേന മരിയ സിബിക്ക് (35) യുകെയിലെ കാർഡിഫ് മലയാളി സമൂഹം വിട നൽകും. കാർഡിഫിലെ സെന്റ് പീറ്റേഴ്സ് ആർസി ചർച്ചിൽ വച്ചാണ് ഇന്നു വൈകിട്ട് 7 മുതൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. നഴ്സിങ് പഠിക്കാന്‍ ഉള്ള തീവ്രമായ ആഗ്രഹവുമായി സ്‌കോളര്‍ഷിപ്പ് നേടിയാണ് ഹെലേന മരിയ സിബി യുകെയിൽ എത്തിയത്.
ഏപ്രിലില്‍ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി നഴ്സിങ് കോഴ്സിന് സൗജന്യ പ്രവേശനം ലഭിച്ചു. എന്നാൽ യുകെയിലെത്തി ഒരു മാസത്തിനകം ഉണ്ടായ കാര്‍ അപകടത്തില്‍ ഹെലേനക്കും സഹപാഠികൾക്കും പരുക്ക് ഏൽക്കുകയായിരുന്നു. പുലര്‍ച്ചെ ആറുമണിയോടെ സഹപാഠികൾക്കൊപ്പം കാറില്‍ സഞ്ചരിക്കവേ കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഇടിച്ചാണ് ഹെലേനയ്ക്കും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. അപകടത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മകളുടെ അപകടവാര്‍ത്ത അറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി സിബിച്ചന്‍ പാറത്താനം (റിട്ടയേര്‍ഡ് എസ്‌ഐ, കേരള പോലീസ്), സിന്ധു എന്നിവരാണ് മാതാപിതാക്കൾ. ദീപു, ദിനു എന്നിവരാണ് സഹോദരങ്ങൾ. എന്നാല്‍ ഒന്നര മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും പരുക്കുകളില്‍ നിന്നും ഹെലേനയ്ക്ക് മോചനമുണ്ടായില്ല. ഒടുവില്‍ ജീവിതത്തിലേക്ക് ഇനി മടക്കമില്ലെന്നു മനസ്സിലായതോടെയാണ് ഡോക്ടര്‍മാര്‍ കഴിഞ്ഞ ആഴ്ച മരണം സ്ഥിരീകരിച്ചത്.
തങ്ങളുടെ മകള്‍ നഴ്സായി കാണാന്‍ ആണ് ആഗ്രഹിച്ചതെങ്കിലും ഹെലേനയെ ജീവിതത്തിലേക്ക് മടക്കി വിളിക്കാന്‍ കാര്‍ഡിഫ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കണ്ണീരോടെ നന്ദി അര്‍പ്പിച്ചാണ് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് മടങ്ങിയത്. നാളെ നടക്കുന്ന പൊതുദർശന ചടങ്ങില്‍ യൂണിവേഴ്സിറ്റി അധികൃതരും ഹെലേനയുടെ കൂട്ടുകാരും പങ്കെടുക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വരും ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് എത്തിക്കും.