യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് മീറ്റ്; വാറിംഗ്ടൺ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ
Mail This Article
ലണ്ടൻ ∙ അനുഗ്രഹം ചൊരിഞ്ഞ് കാലാവസ്ഥ അനുകൂലമായി നിന്നപ്പോൾ വാറിംഗ്ടൺ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയനൽ കായികമേള തികച്ചും ആവേശം നിറഞ്ഞ ഒന്നായിരുന്നു. രാവിലെ 9 മണിക്ക് റീജിയനൽ പ്രസിഡന്റ് ബിജു പീറ്ററിന്റെയും കോർഡിനേറ്റർ സനോജ് വർഗീസിന്റെയും നേതൃത്വത്തിൽ രജിസ്ട്രേഷനോടുകൂടി ആരംഭിച്ച് 10 മണിക്ക് മാർച്ച് പാസ്റ്റോടെ ട്രാക്കും ഫീൽഡും ഒരേസമയം മൽസരങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
റീജിയനൽ പ്രസിഡന്റ് ബിജു പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കുകയും തുടർന്ന് റീജിയനൽ ഭാരവാഹികളുടെ സാന്നിധ്യത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. യുക്മ പിആർഒ അലക്സ് വർഗീസ്, റീജിയനൽ ട്രഷറർ ബിജു മാനുവൽ എന്നിവർ ആശംസകൾ നേർന്നു.
167 പോയിന്റ് നേടി റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ വാറിങ്ടൺ മലയാളി അസോസിയേഷൻ കരസ്ഥമാക്കിയപ്പോൾ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ വിഗൻ മലയാളി അസോസിയേഷൻ 103 പോയിന്റ് നേടി തങ്ങളുടെ റണ്ണർ അപ്പ് സ്ഥാനം നിലനിർത്തി. 80 പോയിന്റ് നേടി മൂന്നാം സ്ഥാനം കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ കരസ്ഥമാക്കി. യുക്മ റീജണൽ കായികമേളയിൽ അരങ്ങേറ്റം കുറിച്ച ക്രൂ മലയാളി അസോസിയേഷൻ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കി എന്നതും ശ്രദ്ധേയമായി.
ട്രാക്ക് വിഭാഗങ്ങൾക്ക് യുക്മ നാഷനൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസും റീജിയനൽ ജോയിന്റ് ട്രഷറർ ടോസി സക്കറിയയും നൽകിയപ്പോൾ ഫീൽഡ് ഐറ്റങ്ങൾക്ക് റീജിയനൽ സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം, റീജിയനൽ സെക്രട്ടറി ബെന്നി ജോസഫ്, ജോയിന്റ് സെക്രട്ടറി എൽദോസ് സണ്ണി എന്നിവരും നേതൃത്വം നൽകി. അത്യന്തം വാശിയേറിയ വടംവലി മത്സരത്തിന്റെ ഫൈനലിൽ ഓൾഡാം മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ലിവർപൂൾ മലയാളി അസോസിയേഷൻ വിജയികളായി. വാറിംഗ്ടൺ മൂന്നാമതെത്തി. വടംവലി മത്സരം പുഷ്പരാജ് അമ്പലവയൽ നിയന്ത്രിച്ചു. വൈകിട്ട് നടന്ന സമ്മാനദാന സമ്മേളനം യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻ അസോസിയേഷന് ലൈജു മാനുവൽ ട്രോഫി കൈമാറി. സേവ്യേഴ്സ് അക്കൗണ്ടൻസിയുടെ മിജോസ് സേവ്യർ, മാത്യു അലക്സാണ്ടർ, റീജിയൺ ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു. വാറിംഗ്ടൺ മലയാളി അസോസിയേഷൻ ഫിലിപ്പ് പുത്തൻപുരയ്ക്കൽ, വാറിംഗ്ടൺ മലയാളി അസോസിയേഷൻ സ്പോട്സ് കോ- ഓഡിനേറ്റേഴ്സ് ആയ അഭിരാമും എൽദോ എന്നിവർ കായിക മേളക്ക് എല്ലാവിധ സഹായ സഹകരണങ്ങൾ നൽകി. യുക്മ നോർത്ത് വെസ്റ്റ് റീജിയനൽ കായികമേള വൻ വിജയമാക്കി മാറ്റിയ എല്ലാവർക്കും റീജിയൺ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
(വാർത്ത: അലക്സ് വർഗീസ്)