കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
Mail This Article
കൊളോണ്‍ ∙ കൊളോണിൽ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും മാര്‍ത്തോമാ ശ്ലീഹായുടെ തിരുനാളിനും കഴിഞ്ഞ ദിവസം തുടക്കമായി. ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ് വെമ്പാടുംതറ സിഎംഐ മുഖ്യ കാര്‍മ്മികനായി. കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ, ഫാ.ബിനോയ് മുളയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസിദേന്തി സാബു, ധന്യ കോയിക്കേരില്‍ എന്നിവര്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഫാ. ഇഗ്നേഷ്യസ് കൊടിയേറ്റിയത്. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ഇന്നാണ് തിരുനാളിന്‍റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരാവും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ കൂടാതെ ഉച്ചകഴിഞ്ഞ് വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970 ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയില്‍ ഏതാണ്ട് ആയിരത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 24 വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി വികാരിയായി സേവനം ചെയ്യുന്നു.