ഋഷി സുനകും കീർ സ്റ്റാർമാറും കുടുംബമായി വോട്ട് രേഖപ്പെടുത്തി
Mail This Article
ലണ്ടൻ ∙ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പാർലമെന്‍റ് സ്ഥാനാർഥികളും പ്രധാന നേതാക്കളും വോട്ട് ചെയ്തു. ഇനിയും വോട്ട് ചെയ്യാത്തവർക്ക് രാത്രി 10 മണി വരെ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. ഇന്ന് രാത്രി മുതൽ വോട്ടുകൾ എണ്ണി തുടങ്ങും. നാളെ പൂർണ്ണ ഫലപ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക്, പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ കീർ സ്റ്റാർമാർ എന്നിവർ കുടുംബമായി എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് യോർക്ക്ഷെയറിലാണ് വോട്ട് ചെയ്തത്. ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും വോട്ടെടുപ്പ് ആരംഭിച്ച് ഏകദേശം അരമണിക്കൂറിനുശേഷം നോർത്തല്ലെർട്ടണിലെ പോളിങ് സ്റ്റേഷനിലാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും ഒരുമിച്ചു എത്തിയാണ് വോട്ടകൾ രേഖപ്പെടുത്തിയത്. ലണ്ടനിലെ പോളിങ് സ്റ്റേഷനിൽ ആയിരുന്നു ഇരുവർക്കും വോട്ടുകൾ. യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 650 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.