ബ്രിട്ടനിൽ ഇന്ന് പൊതു തിരഞ്ഞെടുപ്പ്, തിരിച്ചുവരവിന് ലേബർ പാർട്ടി, അധികാരം നിലനിർത്താൻ ടോറികൾ, നാളെ ഫലമറിയാം
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ഇന്നു പൊതു തിരഞ്ഞെടുപ്പ്. അധികാരം നിലനിർത്താൻ കൺസർവേറ്റീവ് പാർട്ടിയും (ടോറി) 14 വർഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിൽ ശക്തമായ മൽസരമാണ് രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും. ഇവർക്കൊപ്പം മറ്റു ദേശീയ പാർട്ടികളായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയും പരിസ്ഥിതി സൗഹൃദ പാർട്ടിയായ ഗ്രീൻ പാർട്ടിയും ചില മണ്ഡലങ്ങളിൽ ഇരുപാർട്ടികളെയും പിന്നിലാക്കും വിധം മൽസരരംഗത്തുണ്ട്. സ്കോട്ട്ലൻഡിൽ സ്കോട്ടീഷ് നാഷണൽ പാർട്ടിയും (എസ്.എൻ.പി) നോർത്തേൺ അയർലൻഡിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും ഉൾപ്പെടെ പ്രാദേശിക പാർട്ടികളും ദേശീയ പാർട്ടികൾക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുണ്ട്.
സർവേ ഫലങ്ങൾ ലേബറിന് അനുകൂലം
തിരഞ്ഞെടുപ്പിനു മുമ്പു നടന്ന സർവേ ഫലങ്ങളെല്ലാം ലേബർ പാർട്ടിക്ക് അനുകൂലമാണ്. സർവേകളുടെ പ്രവചനം ഫലിച്ചാൽ ലേബർ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും. പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള നേതാക്കൾ തോറ്റ്, ടോറികൾ കനത്ത പരാജയം നേരിടുമെന്നുവരെ പ്രവചിക്കുന്നതായിരുന്നു പല സർവേകളും. അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിന്റെ ഫലങ്ങളും ലേബറിന് അനുകൂലമായിരുന്നു.
നാളെ ഉച്ചയോടെ ഫലമറിയാം
ഇന്നു രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ്. വോട്ട് രേഖപ്പെടുത്താനുള്ള സമയം അവസാനിക്കുമ്പോൾ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെടുപ്പ് ബാലറ്റ് പേപ്പറിൽ ആയതിനാൽ വെള്ളിയാഴ്ച ഉച്ചയോടെയേ ഫലങ്ങൾ പൂർണമായും പുറത്തുവരൂ. 650 അംഗ പാർലമെന്റിൽ 325 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നല്ലൊരു ശതമാനം വോട്ടർമാരും പോസ്റ്റൽ ബാലറ്റിൽ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
രാഷ്ട്രീയത്തേക്കൾ പ്രാധാന്യം സാമമ്പത്തിക നയങ്ങൾക്ക്
രാഷ്ട്രീയ വിഷയങ്ങളേക്കാൾ ലേബർ, കൺസർവേറ്റീവ് പാർട്ടികളുടെ സാമ്പത്തിക നയങ്ങൾ ആയിരിക്കും ഏറ്റവും കൂടുതൽ ഇലക്ഷനിൽ പ്രതിഫലിക്കുക. തങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ആർക്കു കഴിയും എന്ന ചിന്തയിലാകും ഭൂരിഭാഗം പേരും വോട്ടു ചെയ്യുക. ഒപ്പം സാമൂഹികവും പ്രത്യയശാസ്ത്രപരവും നയപരവുമായ കാര്യങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കും. ജിഡിപി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, പലിശവർധന, നികുതി പരിഷ്കാരങ്ങൾ, ആരോഗ്യമേഖലയ്ക്കുള്ള പരിഗണന, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഘടകങ്ങളും ഈ ഇലക്ഷനിൽ നിർണ്ണായകമായി മാറും.
ഇടതുചിന്താഗതിയുള്ള ലേബർ പാർട്ടി അടിസ്ഥാന വർഗ്ഗത്തിനായി നില കൊള്ളുമ്പോൾ കൺസെർവേറ്ററികൾ ധനികർക്കും കോർപറേറ്റുകൾക്കുമായി നില കൊള്ളുന്നു എന്നാണ് പൊതു ധാരണ.
രാഷ്ട്രീയ അസ്ഥിരതയ്ക്ക് അന്ത്യം കുറിക്കുമോ
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ അഞ്ച് കൺസർവേറ്റീവ് പ്രധാനമന്ത്രിമാരാണ് രാജ്യത്ത് മാറിമാറി ഭരിച്ചത്. ഡേവിഡ് കാമറൺ മുതൽ ഋഷി സുനക് വരെയുള്ള അഞ്ചു ടോറി പ്രധാനമന്ത്രിമാർ. അടുത്തകാലത്ത് ഇത്രയേറെ രാഷ്ട്രീയ അസ്ഥിരതയുണ്ടായ മറ്റൊരു രാജ്യം വേറെയില്ല. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് രാഷ്ട്രീയം അത്രമേൽ അസ്ഥിരമായി മാറുകയായിരുന്നു.
ബ്രെക്സിറ്റ് ബിസിനസ്സ് രംഗത്തെ നിക്ഷേപം വളരെ കുറയാൻ ഇടയാക്കി കോവിഡ് മഹാമാരിയും യുക്രെയ്ൻ യുദ്ധവും രാജ്യത്തെ സാമ്പത്തികമായി തളർത്തി. .ജനങ്ങൾ എല്ലാ അർത്ഥത്തിലും സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് പൊതു തിരഞ്ഞെടുപ്പ്. ഇത് ഭരണവിരുദ്ധ വികാരം ആളിക്കത്താൻ ഇടയാക്കുമെന്ന് ഉറപ്പാണ്. പ്രചാരണരംഗത്ത് ലേബറിന് ലഭിച്ച മുൻതൂക്കം ഇതിന്റെ പ്രതിഫലനമാണ്.
നികുതികൾ കുറയ്ക്കണമെന്നും, കുടിയേറ്റം കുറയ്ക്കണമെന്നും നിർബന്ധമുള്ള ജനതയാണ് ബ്രിട്ടീഷുകാര്‍. ഒരു ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച തങ്ങളുടെ പെന്‍ഷന്‍ ക്ഷേമം ഉറപ്പാക്കാൻ കഴിവുള്ളവർ അധികാരത്തിൽ വരണം എന്നും അവർക്കു നിർബന്ധമുണ്ട്. 484 സീറ്റുകൾ നേടി, 1997ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍, ലേബര്‍ പാര്‍ട്ടി വിജയിക്കും എന്നു തന്നെയാണ് പുതിയ മെഗാപോളും സൂചിപ്പിക്കുന്നത്.
നീണ്ട പതിനാലു വർഷത്തെ ടോറികളുടെ ഭരണം ജനങ്ങൾക്ക് നൽകിയ അനുഭവങ്ങളിലുള്ള സമ്മിശ്രവികാരങ്ങള്‍ തന്നെയായിരിക്കും ബാലറ്റ് പേപ്പറുകളിൽ പ്രതിഫലിക്കുക.
കോവിഡ് സമയത്തെ furlough scheme, Eat Out to Help Out scheme എന്നിവ തുടക്കത്തിൽ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ ജനസമ്മതി ഉയർത്തി തന്നെയാണ് നിർത്തിയത്. പിന്നീട് ഓരോ വീട് ഉടമയ്ക്കും £400 പൗണ്ട് എനർജി ബില്ലിൽ ഇളവ് നൽകിയും കൗൺസിൽ ടാക്സിൽ £150 പൗണ്ട് ഇളവ് നൽകിയും കുറഞ്ഞ വരുമാനക്കാർക്ക് £650 അധികമായി നൽകിയും പെൻഷൻകാർക്ക് £300 പൗണ്ട് കൂടി അധികം നൽകിയും ഋഷി ജനസമ്മിതി പിടിച്ചു നിർത്തി. എന്നാൽ അധികം താമസിയാതെ അനധികൃത കുടിയേറ്റവും മന്ത്രിമാരുടെ പുറത്താകലും, ബുള്ളിയിങ് അന്വേഷണങ്ങളും എല്ലാം ഋഷിക്ക് വിനയായി.
ടോറികൾ കൊണ്ടുവന്ന ബ്രെക്സിറ്റ് റഫറണ്ടം കൊണ്ട് കേരളത്തിൽ നിന്നുമുള്ള നേഴ്സ്‌മാർക്ക് യുകെയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ബ്രിട്ടനിലെ ജനതയ്ക്ക് പൊതുവിൽ നേട്ടങ്ങളെക്കാൾ ഉപരി വൻനഷ്ട്ടങ്ങളാണ് ഉണ്ടായത്. യൂറോപ്പിൽ നിന്നും വരുന്ന സാധനങ്ങളുടെ അമിതമായ വിലക്കയറ്റം ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
ചരിത്രം കുറിക്കാൻ മലയാളികളും
ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവരിൽ രണ്ട് മലയാളികളുമുണ്ട്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി എറിക് സുകുമാരനും മുഖ്യ പ്രതിപക്ഷമായ ലേബറിന്റെ സ്ഥാനാർഥിയായി സോജൻ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരിൽ ആരെങ്കിലും വിജയിച്ചാൽ ബ്രിട്ടന്റെ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിലെ ഹൌസ് ഓഫ് കോമൺസിൽ മുഴങ്ങും.
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽനിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് ലേബർ ടിക്കറ്റിൽ മൽസരിക്കുന്നത്. കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നഴ്സായ സോജൻ.
പതിറ്റാണ്ടുകളായി കൺസർവേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്ഫോർഡിൽ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബർ പാർട്ടി, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനകീയനായ സോജൻ ജോസഫിനെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. തെരേസ മേയ് മന്ത്രിസഭയിൽ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന മുതിർന്ന ടോറി നേതാവ് ഡാമിയൻ ഗ്രീനാണ് സോജന്റെ മുഖ്യ എതിർ സ്ഥാനാർഥി. 1997 മുതൽ തുടർച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയൻ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മാർജിൻ മറികടക്കാനാകുമെന്നാണ് സോജന്റെ വിശ്വാസം. ബാംഗ്ലൂരിൽ നഴ്സിംങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയാണ്,
ലണ്ടനിലെ സൌത്ത്ഗേറ്റ് ആൻഡ് വുഡ്ഗ്രീൻ മണ്ഡലത്തിൽനിന്നാണ് എറിക് സുകുമാരൻ ഭരണകക്ഷിയായ ടോറി ടിക്കറ്റിൽ മൽസരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശിയായ ജോണി സുകുമാരന്റെയും വർക്കല സ്വദേശിനിയായ അനിറ്റ സുകുമാരന്റെയും മകനാണ്. റിന്യൂവബിൾ എനർജി എന്റർപ്രണറായ എറിക് നേരത്തെ അമേരിക്കയിലും സിംഗപ്പൂരിലും പ്രവർത്തിച്ചിട്ടുണ്ട്.
ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലും പെൻസിൽവാനിയ യൂണിവേഴ്സിറ്റിലും പഠിച്ച് എറിക്കിന് നിരവധി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ പ്രവർത്തിച്ച പരിചയമാണ് ഏറ്റവും വലിയ ശക്തി.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നും ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരുടെ പ്രതിനിധികൾ പാർലമെന്റിലേക്ക് മൽരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുണ്ടെങ്കിലും ആദ്യമായാണ് രണ്ട് മലയാളികൾ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥികളായി മൽസരരംഗത്ത് വരുന്നത്. ആരോഗ്യമേഖലയിലെയും ഐ.ടി രംഗത്തെയും തൊഴിലവസരങ്ങൾ തേടിയെത്തി സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളാണ് ബ്രിട്ടനിലുള്ളത്. ഇവർക്കു പുറമെ വിദ്യാർഥികളായെത്തിയവരും ചേർന്നാൽ മലയാളി സമൂഹം നിർണായക സാന്നിധ്യമാണ്. എറിക്കും സോജനും വിജയിച്ചാൽ ബ്രിട്ടീഷ് പാർലമെന്റിൽ ബ്രിട്ടനിലെ മലയാളികളുടെ എല്ലാം പ്രതിനിധികൂടിയാകും ഇരുവരും.