യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളിക്ക് വിജയം; കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സോജൻ ജോസഫ്
Mail This Article
ലണ്ടൻ ∙ യുകെ പാർലമെന്‍റിൽ മലയാളിക്ക് വിജയം. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിലാണ് ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർഥി സോജൻ ജോസഫ് വിജയിച്ചത്. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്. 'ആഷ്‌ഫോർഡിലേക്കുള്ള ലേബർ പാർട്ടിയുടെ പാർലമെന്‍ററി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട സോജൻ എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിർണായകമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവൻ സമയ എംപിയെ നമുക്ക് ആവശ്യമാണ് എന്ന മുദ്രാവാക്യവുമായാണ് സോജൻ മത്സരത്തിന് ഇറങ്ങിയത്.
കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ഇവിടെ സോജൻ ജോസഫ് 1779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടും നേടി. ഇവിടെ റിഫോം യുകെ പാർട്ടി 10141 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയത് സോജന്‍റെ വിജയത്തിന് സഹായകരമായി.
ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയാണ്. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.