ADVERTISEMENT

പ്രവചനങ്ങൾ തെല്ലും തെറ്റിയില്ല. യുകെ പൊതുതിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി ഏറ്റുവാങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 14 വർഷം നീണ്ട ഭരണം മടുത്ത ജനങ്ങൾ പ്രാകിക്കുത്തിയപ്പോൾ ടോറികൾ ചവിട്ടിനിന്ന ജനകീയാടിത്തറയുടെ മണ്ണൊലിച്ചു പോയി. ശക്തമായ കൺസർവേറ്റീവ് കോട്ടകൾ പോലും ജനവികാരത്തിൽ വീഴുകയോ ആടിയിളകി വിള്ളലുകൾ വീഴുകയോ ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 32988 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഇത്തവണ 630 വോട്ടുകൾക്കു തോറ്റു. കാബിനറ്റ് അംഗങ്ങൾക്കും കാലിടറി. ഈ തോൽവി എല്ലാവരും പ്രതീക്ഷിച്ചതു തന്നെ. പക്ഷേ തോറ്റ രീതി ടോറി നേതാക്കളുടെ ഉറക്കം കെടുത്തും. പാർട്ടിയിൽ പല തലകളും ഉരുളുക തന്നെ ചെയ്യും.

ലേബർ‌ പാർട്ടിയിലുള്ള പ്രതീക്ഷകളേക്കാൾ ടോറികളിലുള്ള നിരാശയാണ് ഈ വൻ വിജയത്തിനു പിന്നിൽ. തളികയിൽവച്ചു നീട്ടിയതുപോലെ അനായാസമാണ് പല മണ്ഡലങ്ങളും ലേബർ പാർട്ടിക്കൊപ്പം നിന്നത്. ബോറിസ് ജോൺസന്റെയും ലിസ് ട്രസിന്റെയും നിരാശാജനകമായ ഭരണത്തിന്റെ കെടുതികളിൽ നിന്ന് പുറത്തുകടക്കാൻ ഋഷി സുനകിന്റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും ജനങ്ങൾക്കു വിശ്വാസമായില്ല. തൊലിപ്പുറത്തുള്ള ചികിൽസ കൊണ്ടു പരിഹരിക്കാവുന്നതല്ല യുകെയെ അലട്ടുന്ന പ്രശ്നങ്ങൾ. പഴയ പ്രതാപത്തിന്റെ സൂര്യനസ്തമിച്ചത് ഉൾക്കൊള്ളാൻ ജനതയ്ക്കായിട്ടില്ല. അഗാധമായ പ്രതിസന്ധിയിലാണ് ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ. ഒരു പാർട്ടിക്കോ നേതാവിനോ എളുപ്പത്തിൽ രക്ഷപ്പെടുത്താനാകാത്ത ഗുരുതര സ്ഥിതിയുണ്ടെന്നതാണു സത്യം.

BRITAIN-POLITICS-VOTE-PARTY-LABOUR
കെയ്ർ സ്റ്റാർമർ. Photo by Oli SCARFF / AFP

ഈ തോൽവിയുടെ പാപഭാരത്തിൽ നിന്നു സുനകിനും കൈകഴുകാനാകില്ല. പാർട്ടിയുടെ കടിഞ്ഞാൺ കൈവിടാതെ സൂക്ഷിക്കുക സുനകിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാകും. തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങൾ അമ്പേ പാളിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു സുനകിന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. പ്രചാരണവേളയിൽത്തന്നെ കൺസർവേറ്റിവ് പാർട്ടിയിലെ മുതിർന്ന അംഗങ്ങളും സ്ഥാനാർഥികളും പാർട്ടി വരുത്തിയ തന്ത്രപരമായ പിഴവുകൾ തുറന്നു സമ്മതിച്ചിരുന്നു.

കെയ്ർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി സ്വന്തമാക്കിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയമാണ്. ശക്തമായ പ്രതിപക്ഷമാകാൻ പോലുമുള്ള അംഗങ്ങളെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നത് ടോറികളെ നിരന്തരം വേട്ടയാടുക തന്നെ ചെയ്യും. ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടുന്നത് ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നുള്ള കൺസർവേറ്റിവ് പാർട്ടിയുടെ അതിദയനീയമായ അഭ്യർത്ഥന പോലും ജനം ചെവിക്കൊണ്ടില്ല. ഫരാജിന്റെ റിഫോം പാർട്ടിയെ തുടക്കത്തിലേ നിരന്തരം എതിർക്കാതിരുന്നതും ടോറികൾക്കു പറ്റിയ തന്ത്രപരമായ പിഴവായി. ക്യാംപെയ്ൻ ഹെഡ്ക്വാർട്ടേഴ്സിന് ഇക്കാര്യത്തിൽ പിഴച്ചു.

A handout photograph released by the UK Parliament shows Britain's main opposition Labour Party leader Keir Starmer speaking during the weekly session of Prime Minister's Questions (PMQs), in the House of Commons in central London, on May 22, 2024. (Photo by UK PARLIAMENT / AFP) / RESTRICTED TO EDITORIAL USE - NO USE FOR ENTERTAINMENT, SATIRICAL, ADVERTISING PURPOSES - MANDATORY CREDIT " AFP PHOTO / UK PARLIAMENT"
A handout photograph released by the UK Parliament shows Britain's main opposition Labour Party leader Keir Starmer speaking during the weekly session of Prime Minister's Questions (PMQs), in the House of Commons in central London, on May 22, 2024. (Photo by UK PARLIAMENT / AFP) / RESTRICTED TO EDITORIAL USE - NO USE FOR ENTERTAINMENT, SATIRICAL, ADVERTISING PURPOSES - MANDATORY CREDIT " AFP PHOTO / UK PARLIAMENT"

റിഫോം യുകെയും ഗ്രീൻ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും പിടിച്ച വോട്ടുകൾ ടോറികളുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. പ്രത്യേകിച്ചും ഫരാജിന്റെ റിഫോം പാർട്ടി പലയിടത്തും കൺസർവേറ്റിവ് വോട്ടുകൾ ചിതറിച്ചു. വെയ്ൽ ഓഫ് ഗ്ലമോർഗൻ പോലുള്ള മണ്ഡലങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ലിബറൽ പാർട്ടിക്ക് അവിടെ യഥാർത്ഥത്തിൽ വോട്ടുകൾ കുറയുകയായിരുന്നു. എന്നിട്ടും മണ്ഡലം പിടിക്കാനായത് ടോറി വോട്ടുകളിൽ നല്ലൊരു ഭാഗം റിഫോം പാർട്ടിയിലേക്ക് ഒഴുകിയ തുകൊണ്ടാണ്. ഇവിടെ ലേബർ പാർട്ടിക്ക് 38.7 ശതമാനം വോട്ടുകളാണ് കിട്ടിയത്. കൺസർവേറ്റിവുകൾക്ക് 29.5 ശതമാനം.

ഇവിടെ റിഫോം പാർട്ടി പിടിച്ച 15.2 ശതമാനം വോട്ടുകളാണ് വിധി ലേബർ പാർട്ടിക്ക് അനുകൂലമാക്കിയത്.  പക്ഷേ ജനവിധി അസന്ദിഗ്ധമായിരുന്നു. ടോറികളടക്കം ഈ കുത്തിയൊലിച്ചു പോകൽ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും കൺസർവേറ്റിവുകൾ ചിത്രത്തിലേ ഇല്ലാത്ത വിധം പിന്നോട്ടേക്കു പോകുകയായിരുന്നു.

BRITAIN-POLITICS-LABOUR
കെയ്ർ സ്റ്റാർമർ. Photo by Paul ELLIS / AFP

ലേബർ പാർട്ടിക്കു ബ്ലാങ്ക് ചെക്ക് വച്ചുനീട്ടരുതെന്ന സുനകിന്റെ  അഭ്യർഥന പോലും മുൻകൂർ ജാമ്യമെടുക്കലായി. മിക്കവാറും മണ്ഡലങ്ങളിൽ നല്ലൊരു  മത്സരം പോലും കാഴ്ചവയ്ക്കാൻ സുനകിന്റെ പാർട്ടിക്കായില്ല. വിശ്വസ്തനായ ഐസക് ലെവിഡോയുടെ ഉപദേശം പോലും മറികടന്നു  തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ സുനകിന്റെ അമിത ആത്മവിശ്വാസം കനത്ത തിരിച്ചടിയായി. എന്താണു വരാനിരിക്കുന്നതെന്നു പാർട്ടി നേതാക്കൾക്കു തന്നെ കൃത്യമായ ധാരണയുണ്ടായിരുന്നു. വിലപ്പെരുപ്പത്തെ ഒരളവോളം മെരുക്കാനായതു തനിക്കു തുണയാകുമെന്ന പ്രതീക്ഷയിലാണു സുനക്ക് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ ഈ നീക്കത്തിലേക്കു നയിച്ച വിലയിരുത്തലുകൾ പാടേ പിഴവുകൾ നിറഞ്ഞതായിരുന്നെന്നു വ്യക്തമായിരുന്നു.

ജെറമി കോർബിന്റെ പിൻഗാമിയായി ലേബർ പാർട്ടിയുടെ തലപ്പത്തേക്കുവന്ന കെയ്ർ സ്റ്റാർമർ സുനകിനെപ്പോലെ വലിയ വ്യക്തി പരിവേഷമോ പോപ് സ്റ്റാറുകളുടേതു പോലെ താരപദവിയോ ഉള്ള ആളല്ലെങ്കിലും കൂടുതൽ സ്ഥിരതയുള്ള, സന്തുലിതമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള നേതാവായി ജനങ്ങൾ കരുതിയെന്നാണ് ഈ ചരിത്രവിജയം തെളിയിക്കുന്നത്. കൺസർവേറ്റിവ് പാർട്ടിയുടെ പരിതാപകരമായ പോക്കിൽ മനസ്സുമടുത്ത് ലേബർ പാർട്ടിയോട്  രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാൻ തുടങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും കാര്യമായി നടത്തിയില്ല.

പ്രതിപക്ഷ നേതാവ് കീ സ്റ്റാർമറും ഭാര്യ വിക്ടോറിയയും വോട്ട് ചെയ്യാൻ എത്തുന്നു. Image Credit: Facebook/Keir Starmer
പ്രതിപക്ഷ നേതാവ് കീ സ്റ്റാർമറും ഭാര്യ വിക്ടോറിയയും വോട്ട് ചെയ്യാൻ എത്തുന്നു. Image Credit: Facebook/Keir Starmer

പ്രാദേശികമായി മികച്ച പ്രകടനം നടത്തുകയും ജനകീയാടിത്തറ ഉറപ്പിക്കുകയും ചെയ്ത ടോറി സ്ഥാനാർഥികൾക്കു പോലും ഈ ചുഴലിയിൽ അടിതെറ്റി. രാജ്യത്തെ ഭരണമാറ്റത്തിനാണു ജനങ്ങൾ വോട്ടു ചെയ്തത്. ദേശീയതലത്തിലെ മങ്ങിയ പ്രതിഛായയും പ്രചാരണത്തിലെ പാളിച്ചകളും ടോറികൾക്കു വിനയായി. പ്രചാരണത്തിനു ചെലവഴിക്കാൻ ആവശ്യത്തിനു തുകയില്ലാതെ പല സ്ഥാനാർഥികളും കുഴങ്ങുന്ന സ്ഥിതിയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽപോലും പിന്നിലായി.

ലേബർ പാർട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയല്ലാതെ മറ്റൊരു ബദൽ ജനങ്ങൾക്കു മുന്നിലുണ്ടായിരുന്നില്ല. അധികാരത്തിൽ നിന്ന് അകന്നു നിന്ന കാലം ലേബർ പാർട്ടിയെ സംബന്ധിച്ചിടത്തോളം പരിശോധനകളുടെയും നയ പുനരാലോചനകളുടെയും കാലമായിരുന്നു. മറ്റൊരു തോൽവികൂടി താങ്ങാനാകില്ലെന്ന തിരിച്ചറിവിൽ പാർട്ടി ഉണർന്നു പ്രവർത്തിച്ചു. ജനങ്ങളിലേക്ക് ഇറങ്ങുകയും അവരുടെ രോഷാകുലതകളെ കൃത്യമായി അഭിസംബോധന ചെയ്യുകയും ചെയ്തു.

ലേബർപാർട്ടിക്കു ‘സൂപ്പർമെജോറിറ്റി’ നൽകരുതെന്ന സുനകിന്റെ വാക്കുകളെ വൻ ഭൂരിപക്ഷത്തിനു യുകെ തള്ളിയിരിക്കുന്നു. ഏക പാർട്ടി ഭരണത്തിന്റെ പരിമിതികളും പ്രതിസന്ധികളും വൈകിയാണെങ്കിലും യുകെ തിരിച്ചറിഞ്ഞിരിക്കുന്നു. ആവേശപൂർവം ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ ഋഷി സുനകിന്റെ കുറ്റി യുകെ തെറിപ്പിച്ചിരിക്കുന്നു. ഇനി കെയ്ർ സ്റ്റാർമറിന്റെ കാലം.

English Summary:

UK Elections Updates: Keir Starmer's Labour Party Poised for a Landslide Victory in the Parliamentary Election, Rishi Sunak Conceded the Conservative Party's Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com