ഋഷി സുനക് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നു; പുതിയ നേതാവിനെ തേടി ടോറികൾ
Mail This Article
ലണ്ടൻ. ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കൺസർവേറ്റീവ് പാർട്ടിയുടെ നേതൃ സ്ഥാനം രാജിവയ്ക്കുന്നുന്നുവെന്ന് ഋഷി സുനക് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ അവസാന പ്രസ്താവനയിൽ ‘ജനങ്ങളുടെ ദേഷ്യം ഞാൻ കേട്ടുവെന്നും, മനസിലാക്കുന്നുവെന്നും’ ഋഷി സുനക് അറിയിച്ചു. പുതിയ പാർട്ടി നേതാവിനെ കണ്ടെത്തിയാൽ താൻ സ്ഥാനമൊഴിയുമെന്ന് ഋഷി സുനക് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. 14 വർഷത്തെ കൺസർവേറ്റീവ് സർക്കാരിന് വിരാമമിട്ട് യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടി നേതാവായ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ തോറ്റതും ഋഷി സുനകിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ച 648 ൽ 412 സീറ്റുകൾ നേടിയാണ് ലേബർ പാർട്ടി അധികാരത്തിൽ എത്തുന്നത്. ചാൾസ് രാജാവിനെ കണ്ടതിന് ശേഷം കെയ്ർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രിയാകും. 1945 ൽ ‘ജൂലൈ’ മാസത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് 2024 ൽ ഒരു ‘ജൂലൈ‘ മാസത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. 1945 ൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തിയാണ് ലേബർ പാർട്ടി അധികാരത്തിൽ എത്തിയത്. ഇത്തവണയും ചരിത്രം ആവർത്തിക്കപ്പെട്ടത് ‘ജൂലൈ’ മാസത്തിന്റെ ഭാഗ്യമായി ലേബർ പാർട്ടി ക്യാംപിലെ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്നും അധികമായി 211 സീറ്റുകൾ നേടിയാണ് ലേബർ പാർട്ടി 400 സീറ്റുകൾ കടന്നത്. കൺസർവേറ്റീവ് പാർട്ടി 250 സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുത്തി 121 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ആകെ വോട്ടുകളുടെ 33.7% ലേബർ പാർട്ടി നേടിയപ്പോൾ 23.7% മാത്രമാണ് കൺസർവേറ്റീവ് പാർട്ടി നേടിയത്.
യുകെയിൽ മത്സരിച്ച നൈജൽ ഫരാജിന്റെ റിഫോം പാർട്ടി പലയിടത്തും കൺസർവേറ്റിവ് വോട്ടുകൾ ചിതറിച്ചു. റിഫോം പാർട്ടിയെ തുടക്കത്തിലേ നിരന്തരം എതിർക്കാതിരുന്നതും കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിന്റെ ആക്കം വർധിപ്പിച്ചു. മിക്കയിടങ്ങളിലും റിഫോം യുകെ ലേബർ, കൺസർവേറ്റീവ് പാർട്ടികൾക്ക് എതിരായി സ്ഥാനാർഥികളെ നിർത്തിയിരുന്നു. ഇവിടങ്ങളിൽ റിഫോം പാർട്ടിയും ലിബറൽ ഡമോക്രാറ്റുകളും പിടിച്ച വോട്ടുകൾ കൺസർവേറ്റീവ് പാർട്ടിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. സീറ്റുകളുടെ എണ്ണത്തിൽ ലിബറൽ ഡമോക്രാറ്റ് 71 സീറ്റുമായി റിഫോം യുകെയ്ക്ക് മുന്നിൽ എത്തിയെങ്കിലും വോട്ടിങ് ശതമാനം അധികം ലഭിച്ചത് റിഫോം യുകെയ്ക്ക് ആണ്. റിഫോം യുകെ 14.3% വോട്ടും 4 സീറ്റും നേടിയപ്പോൾ ലിബറൽ നേടിയത് 12.2% വോട്ട് മാത്രമാണ്.