ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ല; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
Mail This Article
പാരിസ് ∙ രണ്ടുഘട്ടമായി നടന്ന ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഇടതുപക്ഷ സഖ്യം ഒന്നാമതെത്തി. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യം രണ്ടാമതുമെത്തി.
പാരിസ് ഒളിംപിക്സിനു തിരശീല ഉയരാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കേ, ഭരണസ്തംഭനം ഒഴിവാക്കുന്നതിന് തൽക്കാലം പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ ഗബ്രിയേൽ അത്താലിനോട് പ്രസിഡന്റ് മക്രോ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ അത്താൽ രാജി നൽകിയിരുന്നു. ലഭ്യമായ ഫലമനുസരിച്ച് 577 അംഗ പാർലമെന്റിൽ ഇടതുപക്ഷ സഖ്യമായ ന്യു പോപ്പുലർ ഫ്രണ്ടിന് (എൻഎഫ്പി) 182 സീറ്റുണ്ട്. മക്രോയുടെ സഖ്യത്തിന് 166 സീറ്റ്. മരീൻ ലെ പെന്നിന്റെ നാഷനൽ റാലിക്ക് 143. കേവല ഭൂരിപക്ഷത്തിന് 289 സീറ്റ് വേണം.
ഇടതുസഖ്യമായ എൻഎഫ്പി തിരഞ്ഞെടുപ്പുകാലത്തു പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. നാഷനൽ റാലിയെ ചെറുക്കാൻ രണ്ടാം ഘട്ട വോട്ടെടുപ്പിനു മുൻപ് മക്രോയുമായി ധാരണയുണ്ടാക്കിയെങ്കിലും ഒരുമിച്ചു ഭരിക്കണോ എന്ന കാര്യത്തിൽ അഭിപ്രായഐക്യമായിട്ടില്ല. ഇടതുസഖ്യത്തിലെ മുഖ്യപാർട്ടിയായ ‘ഫ്രാൻസ് അൺബൗഡ്’ മുതിർന്ന നേതാവ് ഴാൻ ലുക് മിലോഷൻ, ഗ്രീൻ പാർട്ടിയുടെ നേതാവ് മരീൻ ടോൻഡലിയർ എന്നിവരുടെ നേതൃത്വത്തിലാണു സർക്കാർ രൂപീകരണചർച്ചകൾ പുരോഗമിക്കുന്നത്.
ഫ്രാൻസിലെ രാഷ്ട്രീയ അനിശ്ചിതത്വം വിപണിയിലും പ്രതിഫലിച്ചു. യൂറോയുടെ മൂല്യം 0.4 % വരെ ഇടിഞ്ഞു. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാഷനൽ റാലി നേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് മക്രോ പാർലമെന്റിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും മക്രോയ്ക്കു പ്രസിഡന്റ് സ്ഥാനത്തു 3 വർഷം തുടർന്ന് കാലാവധി പൂർത്തിയാക്കാം.