ADVERTISEMENT

ഡബ്ലിൻ ∙ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ   മത്സരിക്കില്ലെന്ന് വ്യക്തമാക്കി അയർലൻഡ് മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്  ലിയോ വരദ്കര്‍ പ്രധാനമന്ത്രിപദത്തില്‍ നിന്നും അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് രാജി എന്ന് ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ സൈമണ്‍ ഹാരിസ് പ്രധാനമന്ത്രിയായും പാര്‍ട്ടി നേതാവായും ചുമതലയേറ്റു. നിലവില്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തിലെ ഒരു ടിഡിയാണ് വരദ്കര്‍. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പകരം സ്ഥാനാര്‍ഥിയെ സെപ്റ്റംബര്‍ പകുതിയോടെ നടക്കുന്ന പാര്‍ട്ടി കണ്‍വന്‍ഷനില്‍ കണ്ടെത്തേണ്ടതായി വരും. 

1999 ല്‍ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തെത്തിയപ്പോള്‍ മുതല്‍ തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ലിയോ വരദ്കര്‍ പിന്മാറ്റ തീരുമാനമറിയിച്ചത്. നാല് തവണ തുടര്‍ച്ചയായി ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച ലിയോ വരദ്കര്‍ അയർലൻഡിലെ ആദ്യ സ്വവർഗരതിക്കാരനായ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചിരുന്നു. പുതിയ അവസരങ്ങള്‍ തേടാനുള്ള സമയം ആയിരിക്കുന്നുവെന്നും രാഷ്ട്രീയം ഒരു തൊഴിലാക്കുവാൻ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും സ്ഥാനാര്‍ഥിത്വം നിരസിച്ചുള്ള പ്രഖ്യാപനത്തില്‍ ലിയോ വരദ്കര്‍ വ്യക്തമാക്കി. 

സമൂഹത്തിന് മറ്റ്  രീതികളില്‍ സംഭാവനകള്‍ നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും 'ഫൈൻ ഗാൽ' പാര്‍ട്ടി മികച്ച നിലയില്‍ എത്തിയിരിക്കുമ്പോഴാണ് താന്‍ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ലിയോ വരദ്കര്‍ കൂട്ടിച്ചേർത്തു. നിലവിലെ സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷമാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ സഖ്യസര്‍ക്കാരിലെ പാര്‍ട്ടികളായ ഫൈൻ ഗാൽ, ഫിയന്ന ഫാൾ എന്നിവ കൗണ്‍സില്‍, യൂറോപ്യന്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്.

English Summary:

Leo Varadkar to Stand Down at Next Irish Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com