റോൾസ് റോയ്സിൽ കുതിച്ചുപാഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിന് ആറുമാസം ഡ്രൈവിങ് വിലക്കും പിഴയും
Mail This Article
ലണ്ടൻ ∙ മോട്ടോർ വേയിൽ സ്പീഡ് ലിമിറ്റ് ലംഘിച്ച് കുതിച്ചുപാഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിന് ആറുമാസം ഡ്രൈവിങ് വിലക്കും പിഴയും ശിക്ഷ. കഴിഞ്ഞ ഡിസംബർ 12നാണ് തന്റെ റോൾസ് റോയ്സ് കാറിൽ മാഞ്ചസ്റ്ററിലെ എം-60 മോട്ടോർ വേയിലൂടെ സൂപ്പർ താരം നിയമലംഘനം നടത്തി കുതിച്ചുപാഞ്ഞത്. മണിക്കൂറിൽ 70 മൈൽ വേഗത്തിൽ (112 കിലോമീറ്റർ) മാത്രം സഞ്ചരിക്കാവുന്ന മോട്ടോർവേയിൽ ഇതിലേറെ വേഗത്തിൽ കാറോടിച്ചതിനാണ് കോടതി റാഫ്ഫോർഡിനെ ശിക്ഷിച്ചത്.
ആറുമാസത്തെ ഡ്രൈവിങ് വിലക്കിനൊപ്പം 1666 പൗണ്ട് പിഴയും 120 പൗണ്ട് കോടതി ചിലവും 66 പൗണ്ട് സർചാർജും നൽകണം. എത്ര വേഗത്തിലാണ് റാഷ്ഫോർഡ് കാറോടിച്ചിരുന്നതെന്ന് കോടതി പരസ്യമാക്കിയില്ല. കഴിഞ്ഞ സീസണിൽ മങ്ങിയ ഫോമിലായിരുന്ന റാഷ്ഫോർഡ് യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നില്ല. കരിയറിലെ സമ്മർദ്ദമേറിയ കാലഘട്ടത്തിലാണെന്ന് സ്വയം സമ്മതിച്ചിരുന്ന റാഷ്ഫോർഡിന് മറ്റൊരു തിരിച്ചടി കൂടിയാണ് ഡ്രൈവിംങ്ങിന്റെ പേരിലുള്ള ഈ കോടതി വിധി.
കഴിഞ്ഞ സെപ്റ്റംബറിൽ റാഷ്ഫോർഡ് ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടെങ്കിലും അദ്ദേഹം അത്ഭുതകരമായി പരിക്കേൽക്കാത രക്ഷപ്പെടുകയായിരുന്നു. ഏഴു ലക്ഷം പൗണ്ട് വിലവരുന്ന റോൾസ് റോയ്സ് കാറാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തിലായതും താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടതും. റോൾസ് റോയ്സ്, മക്ലാരൻ, ലോംങ് ടെയിൽ, ലാംബോർഗനി തുടങ്ങി നിരവധി ആഡംബര കാറുകളുടെ ശേഖരത്തിന് ഉടമായാണ് മാഞ്ചസ്റ്ററിന്റെ സൂപ്പർ താരം റാഷ് ഫോർഡ്.