'ഓർമയിൽ ഉമ്മൻചാണ്ടി'; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലം
Mail This Article
ബർലിൻ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു 'ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംഎൽഎ നിർവഹിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ താൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടി ആയി മുൻപേ നടന്നു നീങ്ങിയ ആളായിരുന്നു ഉമ്മൻ ചാണ്ടി എന്നും അധികാരം നിലനിർത്താൻ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധിക്കാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി. സതീശൻ എംഎൽഎ പറഞ്ഞു.
ചടങ്ങിൽ എംഎൽഎ മാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എഐസിസി ദേശീയ വക്താവ് ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനവർ പി സരിൻ, ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, ഐഒസി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി - കേരള ചാപ്റ്റർ പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ സണ്ണി ജോസഫ് സ്വാഗതവും ഐഒസി യുകെ - കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു. യൂറോപ്പിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ജോയി കൊച്ചാട്ടി (ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ്), ലിങ്കിൻസ്റ്റർ മാത്യു (ഐഒസി അയർലൻഡ് പ്രസിഡന്റ്), സാഞ്ചോ മുളവരിക്കൽ (ഐഒസി അയർലൻഡ് വൈസ് പ്രസിഡന്റ്), ടോമി തോണ്ടംകുഴി (ഐഒസി സ്വിറ്റ്സർലൻഡ് - കേരള ചാപ്റ്റർ പ്രസിഡന്റ്), സുജു ഡാനിയേൽ (ഐഒസി യു കെ - കേരള ചാപ്റ്റർ പ്രസിഡന്റ്), ജിൻസ് തോമസ് (ഐഒസി പോളണ്ട് - പ്രസിഡന്റ്), ഗോകുൽ ആദിത്യൻ (ഐഒസി പോളണ്ട് - ജനറൽ സെക്രട്ടറി), അജിത് മുതയിൽ (ഐഒസി യുകെ വക്താവ്), ബോബിൻ ഫിലിപ്പ് (ഐഒസി യു കെ - കേരള ചാപ്റ്റർ) എന്നിവർ ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക - സാംസ്കാരിക - മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ഷൈനു മാത്യൂസ് എന്നിവരും നിരവധി കോൺഗ്രസ് / ഐഒസി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
(വാർത്ത: റോമി കുര്യാക്കോസ്)