ഷെംഗൻ വീസ 'കിട്ടാക്കനി'യാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ
Mail This Article
ലണ്ടൻ ∙ ഷെംഗന്‍ വീസയെന്ന ഒറ്റ വീസ കൊണ്ട് 20 ൽ അധികം രാജ്യങ്ങളാണ് യാത്രാ പ്രേമികൾക്ക് സന്ദർശിക്കാൻ സാധിക്കുക. എന്നാൽ ഈ വീസ ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. നിലവിൽ ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്നതിനായ് മുതിർന്നവർക്ക് ഏകദേശം 90 യൂറോയും, 6 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 45 യൂറോയുമാണ് ചെലവാകുക. ഷെംഗൻ വീസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് 2023 ൽ ഏകദേശം 10 മില്യൻ ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്കാർക്കുണ്ടായത്. വീസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ താഴെ പറയുന്നു.
അപര്യാപ്തമായ ഡോക്യുമെന്റേഷൻ
രേഖകളില്ലാത്തതിനാലോ കൃത്യമല്ലാത്തതിനാലോ വീസ അപേക്ഷ നിരസിക്കപ്പെടാം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൃത്യമാണെന്നും ഉറപ്പാക്കുക.
അസാധുവായ പാസ്‌പോർട്ട്
അസാധുവായതോ അല്ലെങ്കിൽ കാലഹരണപ്പെട്ടതോ ആയ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വീസ അപേക്ഷിച്ചതെങ്കിൽ അത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജുകൾ നഷ്‌ടപ്പെടുകയോ കീറുകയോ ചെയ്‌തായായി കണ്ടെത്തിയാൽ അപേക്ഷ അംഗീകരിക്കപ്പെടില്ല. പാസ്‌പോർട്ടിന് 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ, അതിന്റെ സാധുത കാലഹരണപ്പെടുന്ന തീയതി മൂന്ന് മാസത്തിൽ താഴെയാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം. പാസ്‌പോർട്ടിന് മൂന്ന് മാസത്തിൽ കൂടുതൽ സാധുതയുണ്ടായിരിക്കണം.
യാത്രാ ഇൻഷുറൻസ്
താമസത്തിന്റെ മുഴുവൻ കാലയളവിനും ശരിയായ യാത്രാ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക. ഇൻഷുറൻസിൽ മെഡിക്കൽ, ആശുപത്രി ചെലവുകളും ഉൾക്കൊള്ളണം. എല്ലാ ഷെംഗൻ രാജ്യങ്ങളിലേക്കും ഇതിന് സാധുതയുണ്ടെന്നും ഉറപ്പ് വരുത്തുക.
തെറ്റായ ഡോക്യുമെന്റേഷൻ
ആവശ്യമായ രേഖകളില്ലാത്തതിനാലോ അല്ലെങ്കിൽ അപേക്ഷയിൽ തെറ്റ് വരുത്തിയാലോ വീസ അപേക്ഷ നിരസിക്കപ്പെടാം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കുക.
അപര്യാപ്തമായ ഫണ്ട്
ഷെംഗൻ വീസ അപേക്ഷ നിരസിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് ഫണ്ടില്ലാത്തതാണ്. ഷെംഗൻ രാജ്യത്തെ താമസ കാലയളവിൽ നിങ്ങളെ പിന്തുണയ്ക്കുന്ന ഫണ്ടുകളെ കുറിച്ച് മതിയായ കൃത്യമായ വിവരങ്ങൾ ഉണ്ടായിരിക്കണം.
യാത്രയുടെ ഉദ്ദേശം
യാത്രയുടെ ലക്ഷ്യം വ്യക്തമല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം. യാത്രയുടെ ഉദ്ദേശം വ്യക്തമായി പ്രസ്താവിക്കുകയും അനുബന്ധ രേഖകൾ നൽകുകയും ചെയ്യണം.
മുമ്പ് വിദേശയാത്രകൾ നടത്തിയിട്ടില്ലെങ്കിൽ
പല രാജ്യങ്ങളിലും ബാധകമല്ലെങ്കിലും, നിങ്ങളുടെ നിലവിലെ സന്ദർശനത്തിന് മുമ്പ് നിങ്ങൾ വിദേശയാത്ര നടത്തിയിട്ടില്ലെങ്കിൽ ചില വീസ അപേക്ഷകൾ നിരസിക്കപ്പെടാം.
ക്രിമിനൽ റെക്കോർഡ്
പഴയതോ നിലവിലുള്ളതോ ആയ ക്രിമിനൽ കേസുകൾ കൊണ്ടും വീസ അപേക്ഷ നിരസിക്കപ്പെടാം. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കുട്ടികൾക്ക് നേരെയുള്ള അക്രമം തുടങ്ങിയവയും മറ്റ് പ്രധാന കുറ്റകൃത്യങ്ങളും നിങ്ങളുടെ പേരിലുണ്ടെങ്കിൽ വീസ അപേക്ഷ നിരസിക്കപ്പെടാം.
വീസ പരിധി
ഇതിന് മുമ്പ് വീസ പരിധിക്കപ്പുറം ഒരു ഷെംഗൻ രാജ്യത്ത് താമസിച്ചിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം. കൂടാതെ മറ്റൊരു വീസ നൽകാനുള്ള സാധ്യതയും കുറവാണ്. മൂന്ന് മാസത്തിലധികം ഒരു ഷെംഗൻ രാജ്യത്ത് ചെലവഴിച്ചിട്ടുണ്ടെങ്കിൽ ഒരു പുതിയ അപേക്ഷ സമർപ്പിക്കാൻ കുറഞ്ഞത് ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും.
യാത്രാ വിവരങ്ങൾ
ഫ്ലൈറ്റ് ബുക്കിങ്ങുകൾ, താമസ ബുക്കിങ്ങുകൾ, അല്ലെങ്കിൽ ഷെംഗൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ യാത്രാവിവരണം എന്നിവയുടെ തെളിവുകളുടെ അഭാവം മൂലം വീസ അപേക്ഷ നിരസിക്കപ്പെടാം. നിങ്ങളുടെ യാത്രയുടെ കൃത്യമായ ഷെഡ്യൂൾ ഉൾപ്പെടുത്തിയില്ലെങ്കിലും അപേക്ഷ നിരസിക്കപ്പെടാം. താമസസ്ഥലം, ഫ്ലൈറ്റ് ടിക്കറ്റുകൾ, ഓരോ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാ ടിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നൽകിയിരിക്കണം.