ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന്, പലിശക്കെണിയുടെ കുരുക്കഴിയുമോ എന്ന ആകാംക്ഷയിൽ ബ്രിട്ടിഷുകാർ
Mail This Article
ലണ്ടൻ ∙ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന്. പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ എത്തിയിട്ട് മാസങ്ങളായിട്ടും പലിശനിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് എന്തു നിലപാടെടുക്കും എന്ന ആകാംക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. തിരിഞ്ഞെടുപ്പിനു മുൻപ് ചേർന്ന യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറായിരുന്നില്ല. തുടർച്ചയായ എട്ടാം സിറ്റിങ്ങിലും അതേ നിലപാട് ബാങ്ക് തുടരുമോ എന്ന ആശങ്കയിലാണ് ജനം.
തികച്ചും സ്വതന്ത്ര സംവിധാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പുതിയ സർക്കാർ അധികാരത്തിൽ വന്ന സാഹചര്യമൊന്നും പലിശനിരക്ക് നിശ്ചയിക്കുന്നതിൽ സ്വാധീനമാകാൻ വഴിയില്ല. തുടർച്ചയായി പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ നിലനിൽക്കുന്നത് മാത്രമാണ് പലിശ കുറയ്ക്കാനുള്ള സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നത്. ബ്രിട്ടനിൽ 11 ശതമാനത്തിന് മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടെ ആദ്യമായാണ് തുടർച്ചയായി മൂന്നുമാസക്കാലം രണ്ടു ശതമാനത്തിൽ തുടരുന്നത്.
2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തെ റെക്കോർഡ് ഭേദിച്ച് 11.1 ശതമാനത്തിൽ എത്തിയത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ സീമകളും ലംഘിച്ച് മുന്നേറാൻ കാരണമായത്. ഇതിനെ നേരിടാൻ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കിൽ എത്തിച്ചു. ഇതോടെ മോർഗേജിലും മറ്റു വായ്പകളിലും പലിശ നൽകി വലയുന്ന സ്ഥിതിയിലായി ബ്രിട്ടനിലെ ജനങ്ങൾ.