പെൺകുട്ടികളുടെ കൊലപാതകം; ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും കലാപം
Mail This Article
ലണ്ടൻ ∙ സൗത്ത്‌പോർട്ടിലെ ഒരു ഹോളിഡേ ക്ലബിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും കലാപം പൊട്ടിപുറപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സണ്ടർലാൻഡിൽ ആരംഭിച്ച അക്രമം പിന്നീട് ഹൾ, ലിവർപൂൾ, സ്റ്റോക്ക്-ഓൺ-ട്രെന്റ്, നോട്ടിങ്ഹാം, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിച്ചു. പൊലീസ് സ്റ്റേഷനുകൾക്ക് നേരെയും പൊതുസ്വത്തുകൾക്കു നേരെയും ആക്രമണങ്ങൾ ഉണ്ടായി. സംഭവത്തിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു.
അക്രമ സംഭവങ്ങളെ തുടർന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ കലാപത്തിന് സാഹചര്യം ഒരുക്കിയതായി സംശയിക്കുന്നു. അക്രമസംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാർമർ മന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി.
രാജ്യത്തെ അക്രമത്തിലേക്ക് തള്ളിവിടുന്ന കലാപം അടിച്ച് അമർത്താൻ പൊലീസിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പൊലീസ് സ്വീകരിക്കുന്ന ഏതൊരു നടപടിക്കും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.