ജർമനിയിൽ ബിയർ വിൽപനയിൽ ഇടിവ്
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിൽ ബിയർ വിൽപനയിൽ കുറവ് രേഖപ്പെടുത്തി. 2023 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, മൊത്തം ബിയർ വിൽപന 0.6 ശതമാനം ഇടിഞ്ഞ് ഏകദേശം 4.2 ബില്യൻ ലിറ്ററായി. യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് കാലത്ത് വിൽപന വർധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും അത് സംഭവിച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അസ്ഥിരമായ കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണമെന്ന് ജർമൻ ബ്രൂവേഴ്സ് അസോസിയേഷൻ പറയുന്നത്. യൂറോ കപ്പ് കാലയളവിൽ അനുഭവപ്പെട്ട താപനിലയിലെ വ്യതിയാനവും ഇടയ്ക്കിടെയുള്ള കൊടുങ്കാറ്റുകളും പല പബ്ബുകളുടെയും ബിസിനസ്സിനെ പ്രതികൂലമായി ബാധിച്ചു. കൂടാതെ, പല ഗാർഡൻ പാർട്ടികളും റദ്ദാക്കപ്പെട്ടു. പില്‍സ്നർ ഇപ്പോഴും ജർമനിയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ബിയറാണ്. എന്നാൽ, ലൈറ്റ് ബിയറുകളും നോൺ-ആൽക്കഹോളിക് ബിയറുകളും അവയുടെ ജനപ്രീതി വർധിപ്പിക്കുകയാണ്.
ജര്‍മനിയില്‍ ഉത്പാദിപ്പിക്കുന്ന ബിയറിന്‍റെ 82 ശതമാനവും ഉപയോഗിക്കുന്നത് ഇവിടെതന്നെയാണ്. കണക്കുകള്‍ പ്രകാരം, വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ജർമനിയിലെ വിൽപന 0.9 ശതമാനം ഇടിഞ്ഞ് 3.4 ബില്യൻ ലിറ്ററായി. ജർമനിയിലെ 1,500 ഓളം ക്രാഫ്റ്റ്, ഇടത്തരം ബ്രൂവറികള്‍ക്ക് 2024 ഒരു വെല്ലുവിളി നിറഞ്ഞ വര്‍ഷമായി തുടരുമെന്ന് ബ്രൂവേഴ്സ് അസോസിയേഷന്‍ പറഞ്ഞു.
അതേസമയം, പില്‍സ്നര്‍ (പില്‍സ്) ജര്‍മ്മനിയുടെ പ്രിയപ്പെട്ട ബിയര്‍ ആയി തുടരുന്നു. ബ്രൂവേഴ്സ് അസോസിയേഷന്‍റെ കണക്കനുസരിച്ച്, ഇതിന് ഏകദേശം 50 ശതമാനം വിപണി വിഹിതമുണ്ട്. ലൈറ്റ് ബിയറുകള്‍ (ഹെല്‍ബിയര്‍) പത്ത് ശതമാനവുമായി രണ്ടാം സ്ഥാനത്തും, എട്ട് ശതമാനം വിഹിതവുമായി നോണ്‍-ആല്‍ക്കഹോളിക് ബിയറുകള്‍ മൂന്നാം സ്ഥാനത്തും എത്തി, ആറ് ശതമാനം വിപണി വിഹിതമുള്ള ഗോതമ്പ് ബിയറിനെ (വെയ്ബിയര്‍) നാലാം സ്ഥാനത്താണ്.