ഒഐസിസിയുടെ പ്രവർത്തനം യുകെയിൽ ശക്തമാക്കുമെന്ന് വി.പി സജീന്ദ്രനും എം.എം നസീറും
Mail This Article
ലണ്ടൻ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവർത്തനം യുകെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി. പി. സജീന്ദ്രനും ജനറൽ സെക്രട്ടറി എം. എം. നസീറും യുകെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യുകെയിൽ ഉടനീളമുള്ള പ്രധാന റീജനുകൾ സന്ദർശിച്ചു അറിയിച്ചതാണ് ഇക്കാര്യം. ഒ ഐ സി സി (യുകെ) നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാനായി യുകെയിൽ എത്തിയതാണ് കെ പി സി സി നേതാക്കൾ.
ഉമ്മൻ ചാണ്ടി അനുസ്മരണം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രൻ, എം എം നസീർ, റിങ്കു ചെറിയാൻ ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ ജെയിംസ് കൂടൽ, കേംബ്രിജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ്, ക്രോയ്ഡൻ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഒ ഐ സി സി യൂറോപ്പ് കോഡിനേറ്റർ സുനിൽ രവീന്ദ്രൻ ഐ ഒ സി യു കെ പ്രസിഡന്റ് കമൽ ദളിവാൾ, മലങ്കര ഓർത്തോഡോക്സ് സഭ വൈദിക സെക്രട്ടറി ഡോ. റവ. ഫാ. നൈനാൻ കോശി, കെ എം സി സി ബ്രിട്ടൻ ചെയർമാൻ കരീം എന്നിവർ പ്രസംഗിച്ചു.
കേംബ്രിജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ് എന്നിവരെ കെ പി സി സി അധ്യക്ഷൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഒ ഐ സി സി (യു കെ) പ്രസിഡന്റ് കെ. കെ. മോഹൻദാസ് അധ്യക്ഷനായിരുന്നു. ഐ സി സി (യു കെ) ജനറൽ സെക്രട്ടറി ബേബി കുട്ടി ജോർജ് സ്വാഗതം ആശംസിച്ചു. വിൽസൺ ജോർജ് നന്ദി അർപ്പിച്ചു
ഒ ഐ സി സി (യുകെ) നാഷനൽ കമ്മിറ്റിയിലും വിവിധ റീജൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ പി സി സി ഭാരവാഹികൾ വി. പി. സജീന്ദ്രനും എം. എം. നസീറും അറിയിച്ചു. നാഷനൽ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള കെ പി സി സി നിർദേശങ്ങൾ അംഗീകരിച്ചു. നാഷണൽ/റീജനൽ കമ്മിറ്റികളിൽ വനിതകൾ അടക്കമുള്ള യുവ നേതൃത്വത്തിന് മതിയായ പ്രാതിനിധ്യം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും. ദേശീയ നേതാക്കളുടെ അനുസ്മരണങ്ങൾ, ചാരിറ്റി പ്രവർത്തനം, കലാ - സാംസ്കാരിക കൂട്ടായ്മകൾ വിവിധ റീജനുകളിൽ സംഘടിപ്പിക്കും. പഠനത്തിനായും തൊഴിൽ തേടിയും എത്തുന്നവരെയും സഹായിക്കുന്നതിന് ഒരു 'സെല്ലി'ന് രൂപം നൽകും. കേരളത്തിൽ വയനാട് നടന്ന ദുരന്തത്തിൽ ഇരയായവർക്ക് യുകെ മലയാളികൾ കഴിയുന്നത്ര സഹായം നൽകാൻ നാഷനൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു യു കെയിൽ തൊഴിതേടി എത്തിയവരെ സംഘടിപ്പിക്കുവാനും ബിസിനസ്സുകാർ, നഴ്സുമാർ എന്നിവരെ ഒ ഐ സി സിയിൽ അംഗങ്ങളാക്കുവാൻ ഒരു കർമ്മ പദ്ധതിയും യുകെ ഒ ഐ സി സി രൂപം നൽകും.
കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗം കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ മുഖ്യപ്രഭാഷണം നടത്തി. ബേബിക്കുട്ടി ജോർജ്, ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ. ഡാനിയൽ, അപ്പാ ഗഫൂർ, മണികണ്ഠൻ ഐക്കാട്, ജവഹർ, വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.