വയനാടിന് കൈത്താങ്ങാകാൻ കൂടുതൽ മലയാളി അസോസിയേഷനുകൾ യുക്മയുമായി സഹകരിക്കുന്നു
Mail This Article
ലണ്ടൻ ∙ വയനാടിന് കൈത്താങ്ങാകാൻ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിൽ സഹകരിക്കുവാൻ കൂടുതൽ മലയാളി അസോസിയേഷനുകൾ രംഗത്ത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സർഗം മലയാളി അസോസിയേഷൻ, സ്റ്റിവനേജ് ഫണ്ട് ശേഖരണത്തിൽ യുക്മയുമായി സഹകരിക്കുവാൻ തീരുമാനിച്ചു. സർഗം പ്രസിഡൻ്റ് അപ്പച്ചൻ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരൻ, ട്രഷറർ ജെയിംസ് മുണ്ടാട്ട് എന്നിവരടങ്ങുന്ന സഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനം യുക്മ നേതൃത്വത്തെ അറിയിച്ചത്. സർഗം മലയാളി അസോസിയേഷൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. യുക്മയുടെയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വയനാട് ദുരന്തത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഫണ്ട് ശേഖരണം ദേശീയ തലത്തിൽ ഏകോപിപ്പിക്കുവാൻ യുക്മ ദേശീയ സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത് വയനാട് സ്വദേശിനിയും യുക്മ മുൻ ജോയിൻ്റ് സെക്രട്ടറിയുമായ സെലീന സജീവ്, വയനാടുമായി അടുത്ത ബന്ധമുള്ള യുക്മയുടെ മുതിർന്ന നേതാക്കളിലൊരാളും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻറുമായ ജെയ്സൻ ചാക്കോച്ചൻ എന്നിവരെയാണ്.
കേരളം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽസാധ്യമായ എല്ലാ സഹായങ്ങളും നൽകുവാനുള്ള പ്രവർത്തനങ്ങളുമായിട്ടാണ് യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും പ്രവർത്തിക്കുന്നത്. യുക്മ ദേശീയ സമിതി യോഗംവയനാട് ദുരന്തത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ യുക്മ അംഗ അസോസിയേഷനുകളെയും ഏകോപിപ്പിച്ചു കൊണ്ട് പോകുവാനും, യുക്മയ്ക്ക് പുറത്തുള്ള സംഘടനകളെയും വ്യക്തികളെയും, സ്വദേശികളും വിദേശികളുമായവരെയും, മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരായവരെയും ഈ ചാരിറ്റി ഫണ്ട് ശേഖരണത്തിൽ സഹകരിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിന് വേണ്ടി ലോകമെങ്ങു നിന്നും സഹായ ഹസ്തങ്ങൾ വയനാട്ടിലേക്ക് നീളുകയാണ്. യുകെയിൽ ജീവിക്കുന്ന മലയാളികളായ നമുക്കോരുത്തർക്കും നമ്മുടെ കരുണാ ഹസ്തം എല്ലാം നഷ്ടപ്പെട്ടവർക്കായി ചൊരിയാം. ദുരന്തഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു കൈത്താങ്ങാകുവാൻ കഴിയാവുന്ന തുക ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ചെറുതും വലുതുമായി ഒരോരുത്തർക്കും നൽകാൻ കഴിയുന്ന പരമാവധി തുക ഇതിനായി രൂപീകരിച്ചിരിക്കുന്ന ലിങ്കിലൂടെ നൽകി ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ യുകെ മലയാളി സമൂഹത്തോട് യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർഥിച്ചു യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാവുന്നതാണ്. https://gofund.me/0ca28a27