ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിൽ വിമാനത്താവളങ്ങളിലെ പ്രവർത്തനം തടസ്സപ്പെടുത്തി പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ലാസ്ററ് ജനറേഷൻ (ലെറ്റ്സ്റ്റെ ജനറേഷന്‍). പ്രധാനമായും നാല് വിമാനത്താവളങ്ങളിലാണ് പ്രവർത്തകർ സുരക്ഷ ലംഘിച്ച് പ്രതിഷേധം നടത്തിയത്.  അതേസമയം തടസ്സപ്പെട്ട വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 

കൊളോണ്‍-ബോണ്‍, ബെര്‍ലിന്‍-ബ്രാന്‍ഡന്‍ബര്‍ഗ്, സ്ററുട്ട്ഗാര്‍ട്ട്, ന്യൂറംബര്‍ഗ് വിമാനത്താവളങ്ങളുടെ ടാര്‍മാക്കുകളിലേക്ക് അനധികൃതമായ് പ്രവേശിച്ച  പ്രവർത്തകരെ ബലംപ്രയോഗിച്ചാണ് അവിടെ നിന്നും നീക്കിയത്. രാജ്യവ്യാപകമായി നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള വലിയ പ്രതിഷേധ പ്രവർത്തനത്തിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ  പരിസ്ഥിതി പ്രവർത്തകർ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയത്. 

പുലര്‍ച്ചെ 5 മണിയോടെയാണ് ബര്‍ലിന്‍ - ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്. മണിക്കൂറുകള്‍ക്കകം മറ്റ് വിമാനത്താവളങ്ങളിലും പ്രതിഷേധം തുടങ്ങി. പുലര്‍ച്ചെ 5:45 ഓടെ കൊളോണ്‍ - ബോണ്‍ വിമാനത്താവളത്തില്‍ പ്രതിഷധമുണ്ടായി. ന്യൂറംബര്‍ഗ് വിമാനത്താവളത്തില്‍, ഒരു മണിക്കൂറിലധികം വിമാനങ്ങള്‍ നിര്‍ത്തിവച്ചു. തുടർന്ന് ആറ് വിമാനങ്ങള്‍ വൈകുകയും ഒരു വിമാനം റദ്ദാക്കുകയും, ഒരു വിമാനം പ്രാഗിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധത്തിന് ശേഷം രാവിലെ 7 മണിയോടെയാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനക്ഷമമായത്. 

2030-ഓടെ എണ്ണ, വാതകം, കൽക്കരി എന്നിവയിൽ നിന്ന് പുറത്തുകടക്കാനുള്ള ആഗോള ഉടമ്പടി പിന്തുടരാൻ ജര്‍മന്‍ സർക്കാരിനോട് ആവശ്യപ്പെടുന്നതിനറെ ഭാഗമായാണ് പ്രതിഷേധ പ്രചാരണം നടക്കുന്നത്. യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള നിരവധി രാജ്യങ്ങളില്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം തുടർച്ചയായി രണ്ട് ദിവസം, രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ ഉൾപ്പെടെ, പരിസ്ഥിതി പ്രവർത്തകർ വിമാനത്താവളങ്ങളിലെ പ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു. 

English Summary:

Protests by Environmentalists; Services have Resumed at Airports in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com