വയനാട് ദുരന്തബാധിതരെ സഹായിക്കുവാൻ യുകെയിൽ സൈക്കിൾ യാത്ര നടത്തി യുവാക്കൾ; സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നൽകും
Mail This Article
സോമർസെറ്റ് ∙ വയനാട് ദുരന്തബാധിതരെ സഹായിക്കുവാൻ യുകെയിൽ സൈക്കിൾ യാത്ര നടത്തി ബന്ധുക്കളും സുഹൃത്തുക്കളുമായ മൂന്ന് യുവാക്കൾ മാതൃകയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോമർസെറ്റിലെ ടോണ്ടനിൽ നിന്നും ഡോർസെറ്റിലെ ബോൺമൗത്തിലേക്ക് 80 മൈൽ ദൂരത്തിൽ സൈക്കിൾ യാത്ര നടത്തി ധന ശേഖരണം നടത്തുകയായിരുന്നു. ടോണ്ടനിൽ നിന്നുള്ള സോവിൻ സ്റ്റീഫൻ കളപ്പുരയിൽ, ജോയ്‌സ് ഫിലിപ്പ് തെക്കേൽ, ബോൺമൗത്തിൽ നിന്നുള്ള ജോബി എബ്രഹാം വടക്കേ പാണ്ടിക്കാട്ട് എന്നിവരാണ് സൈക്കിൾ യാത്ര നടത്തിയത്.
സൈക്കിൾ യാത്രയുടെ ഭാഗമായി സുഹൃത്തുക്കൾ നൽകിയ സംഭാവനകൾ മൂവരും സ്വീകരിച്ചിരുന്നു. ഏതാനം മണിക്കൂറുകൾ കൊണ്ട് ഇത്തരത്തിൽ സമാഹരിച്ച 35,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ യുകെ പൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മൂവരും പറഞ്ഞു. ഏകദേശം 16 മണിക്കൂർ കൊണ്ടാണ് 130 കിലോമീറ്റർ ദൂരം സൈക്കിൾ യാത്ര നടത്തിയത്. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളായ കീഴൂർ, ഏറ്റുമാനൂർ, അരീക്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സോവിൻ, ജോയ്‌സ്, ജോബി എന്നിവർ.
ദുരിത ബാധിതിരെ ചേർത്തു പിടിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള ദൗത്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ കടമയാണെന്ന് മൂവരും പറഞ്ഞു. യുകെയിൽ എൻഎച്ച്എസ് ജീവനക്കാരാണ് സോവിനും ജോയ്സും. ഐടി ഫീൽഡിലെ ജീവനക്കാരനാണ് ജോബി. ജിൻസിയാണ് സോവിന്റെ ഭാര്യ. എയ്ഡൻ, ഡിയോൺ, സ്റ്റെവൺ എന്നിവരാണ് മക്കൾ. ജെന്നിയാണ് ജോയ്സിന്റെ ഭാര്യ. ജോഫൽ, ജെഫിയ എന്നിവർ മക്കളും. ജെറ്റിയാണ് ജോബിയുടെ ഭാര്യ. ജെസ്സിയ, ജെറോം എന്നിവർ മക്കളും.