യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം വരെ തടവും വന്‍ തുക പിഴയും; നിയമനിര്‍മാണത്തിന് ഹോം ഓഫിസ്
Mail This Article
ലണ്ടൻ ∙ യുകെയില്‍ താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അവകാശമില്ലാത്ത ആളുകളെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകളെ ലക്ഷ്യമിട്ട് നിരീക്ഷണം സജീവമാക്കാൻ ഒരുങ്ങി ഹോം ഓഫിസ്. യുകെയില്‍ തൊഴിലുടമയെ യോഗ്യത ഇല്ലാത്ത ആളുകളെ ജോലിക്ക് നിയമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 5 വര്‍ഷത്തേക്ക് ജയിലിലേക്ക് അയയ്ക്കാനും വന്‍ തുക പിഴ അടയ്ക്കാനും ശിക്ഷിച്ചേക്കാം. ജോലി നല്‍കിയ ആള്‍ക്ക് യുകെയില്‍ പ്രവേശിക്കാനോ അവിടെ തുടരാനോ അനുമതി ഇല്ലാതിരിക്കുക, ചെയ്യാൻ അനുവാദമില്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കുക, ജോലിക്കെടുക്കുന്നവരുടെ രേഖകൾ അപൂർണ്ണമായിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് യുകയിൽ ഒരു തൊഴിലുടമ ശിക്ഷിക്കപ്പെടുന്നത്. യുകെയിൽ അനധികൃതമായി കുടിയേറിയവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോം ഓഫീസ് നിരീക്ഷണം ശക്തമാക്കുന്നത്.
അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആളുകളെ യുകെയിലേക്ക് കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥരെയും ഇന്റലിജന്‍സ് ഓഫിസര്‍മാരെയും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പ്രഖ്യാപിച്ചിരുന്നു. അഭയാര്‍ഥികളെ ചൂഷണം ചെയ്യുന്ന സംഘടിത ഇമിഗ്രേഷന്‍ ക്രൈം നെറ്റ്‌വര്‍ക്കുകള്‍ തകര്‍ക്കുമെന്നും യെവെറ്റ് കൂപ്പര്‍ പറഞ്ഞു. യുകെയിൽ മുൻ പ്രധാനമന്ത്രി ഋഷി സുനക് നടപ്പിലാക്കിയ റുവാണ്ട പദ്ധതി പ്രധാനമന്ത്രി കിയേർ സ്റ്റാര്‍മര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്ക് ശേഷം മരവിപ്പിച്ചതിനെ തുടർന്നാണ് ഹോം ഓഫിസ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.