സന്ദീപിന്റെ ഒപ്പ് വ്യാജമെന്ന് കുടുംബം; നടന്നത് റഷ്യൻ സൈന്യത്തിലേക്ക് മനുഷ്യക്കടത്ത്?, ദുരൂഹത
Mail This Article
തൃശൂർ ∙ സന്ദീപിന്റെ മരണം റഷ്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന് ഇന്ത്യൻ എംബസി അധികൃതർ സന്ദീപിന്റെ കുടുംബത്തെ ഫോണിൽ അറിയിച്ചു. സന്ദീപ് മരിച്ചതായി കുടുംബത്തിനു നേരത്തെത്തന്നെ സൂചന ലഭിച്ചിരുന്നെങ്കിലും റഷ്യൻ എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കു തടസ്സമായിരുന്നു. നിലവിൽ റഷ്യയിലെ റസ്തോഫിലാണ് മൃതദേഹമുള്ളതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
സന്ദീപ് ഡോണെസ്‌കിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ മലയാളികളുടെ വാട്സാപ് ശബ്ദസന്ദേശം പ്രചരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ചൊവ്വ വൈകിട്ടാണ് സന്ദീപിന്റെ മരണം ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നടന്നത് റഷ്യൻ സൈന്യത്തിലേക്ക് മനുഷ്യക്കടത്ത്?
മോഹനവാഗ്ദാനങ്ങൾ നൽകി റഷ്യൻ സൈന്യത്തിലേക്കു മലയാളികളെ കടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട കല്ലൂർ സ്വദേശി കാങ്കിൽ സന്ദീപ് ചന്ദ്രൻ (36) ഇത്തരത്തിൽ റഷ്യയിലേക്കു കടത്തപ്പെട്ടവരിൽ ഒരാളാണെന്നാണു കുടുംബത്തിന്റെ ആരോപണം.
സൈനിക ക്യാംപിലെ കന്റീനിലേക്ക് എന്നുപറഞ്ഞാണ് സന്ദീപ് ഉൾപ്പെടെയുള്ളവരെ റഷ്യയിലേക്കു കൊണ്ടുപോയതെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്. ബിസിനസ് തൊഴിൽ വീസ ലഭിച്ചു എന്നാണ് സന്ദീപ് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. എന്നാൽ, സന്ദീപ് സൈന്യത്തിൽ ചേരാൻ സന്നദ്ധത അറിയിച്ചതായാണ് ചാലക്കുടി സ്വദേശി ഏജന്റ് കുടുംബത്തെ അറിയിച്ചത്. വ്യക്തത ഇല്ലാത്ത കരാറുകളാണ് ഇയാൾ കാണിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഏജന്റ് കാണിച്ച രേഖകളിലെ സന്ദീപിന്റെ ഒപ്പ് വ്യാജമാണെന്നും കുടുംബം ആരോപിച്ചു.
നിർബന്ധപൂർവമോ ഭീഷണിപ്പെടുത്തിയോ ആകാം സന്ദീപിനെ യുദ്ധത്തിൽ പങ്കാളിയാക്കിയതെന്ന് കുടുംബാംഗങ്ങളും സൃഹൃത്തുക്കളും പറയുന്നു. ആദ്യകരാറിൽ മാത്രമാണ് സന്ദീപിന്റെ കയ്യെഴുത്തുള്ളത്. പിന്നീട് ഏജൻസി സമർപ്പിച്ച കരാറുകൾ അച്ചടിച്ചവയായിരുന്നുവെന്നതും സംശയം ജനിപ്പിക്കുന്നു. സന്ദീപ് ചതിക്കപ്പെട്ടിരിക്കാമെന്ന സൃഹൃത്തുക്കളുടെ നിഗമനത്തിന്റെ അടിസ്ഥാനം ഇതാണ്.
സന്ദീപ് റഷ്യയിലേക്കെത്തിയതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് റഷ്യൻ കോൺസുലേറ്റും ആവശ്യപ്പെട്ടത് സംഭവം മനുഷ്യക്കടത്താണോ എന്ന സംശയത്തിലേക്കു നയിക്കുകയാണ്. ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ചിലരും റഷ്യയിലേക്കു പോയത്. വിഷയത്തിൽ തൃശൂർ റൂറൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കലക്ടർക്ക് പൊലീസ് പ്രാഥമിക റിപ്പോർട്ട് നൽകിയെന്നാണ് വിവരം.
മാതാപിതാക്കളും ഇളയ സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു സന്ദീപ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് റഷ്യയിലേക്ക് സന്ദീപ് പോകുന്നത്. സന്ദീപ് കൊല്ലപ്പെട്ടുവെന്ന വാർത്ത ജന്മനാട് ഞെട്ടലോടെയാണ് കേട്ടത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നു സുരക്ഷിതമായ വീട്ടിലേക്ക് മാറണമെന്ന ആഗ്രഹം ബാക്കിവച്ചാണ് സന്ദീപ് വിടവാങ്ങിയത്.