ജര്‍മനിയില്‍ കത്തിയാക്രമണം; പ്രതി പിടിയിൽ
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ സോളിംഗൻ നഗരത്തിൽ ആഘോഷ പരിപാടിക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. സിറിയക്കാരനായ ഇസ അല്‍ ഹസനെയാണ് (26) പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയതായ് ഡ്യൂസൽഡോർഫ് പൊലീസും പ്രോസിക്യൂട്ടർമാരും അറിയിച്ചു. ഇസ അല്‍ ഹസനെ റിമാൻഡ് ചെയ്തു. വിചാരണയ്ക്കായി ഹെലികോപ്റ്ററില്‍ കാള്‍സ്രൂഹിലെ ഫെഡറല്‍ കോടതിയിലേക്ക് കൊണ്ടുപോയി. കൊലപാതകം, ഐഎസ് ഗ്രൂപ്പിൽ അംഗത്വം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ അല്‍ ഹസനെ കസ്ററഡിയിലെടുത്തിരിക്കുന്നത്.
ഞായറാഴ്ച പ്രതിയെ ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്ററിസിൽ ഹാജരാക്കി. വിചാരണയ്ക്ക് ശേഷം ഇയാളെ അധികൃതർ നോര്‍ത്ത് റൈന്‍-വെസ്റ്റ് ഫേലിയയിലേക്ക് തിരികെ കൊണ്ടുപോയി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നോര്‍ത്ത് റൈന്‍-വെസ്റ്റ് ഫേലിയയിലെ സോളിംഗന്‍ നഗരത്തില്‍ ആക്രമണം ഉണ്ടാകുന്നത്. നഗരം രൂപീകരിച്ചിട്ട് 640 വര്‍ഷം തികഞ്ഞതിന്റെ ആഘോഷപരിപാടിക്കിടെയായിരുന്നു കത്തിയാക്രമണം. സംഭവത്തിൽ മൂന്നു പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.