യുക്മ - ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024; ലോഗോ മത്സരത്തിൽ വിജയിച്ച് ബിനോ മാത്യു
Mail This Article
റോഥർഹാം ∙ ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 31ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വച്ച് വള്ളംകളിയും കാർണിവലും നടക്കും. യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജിന്റെയും യുക്മ ദേശീയ, റീജിയനൽ നേതാക്കൻമാരുടെയും നേതൃത്വത്തിലാണ് മത്സരത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നത്.
ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരൻമാരും പരിപാടികൾ അവതരിപ്പിക്കും. യുക്മ കേരളപൂരം വള്ളംകളി 2024നായി നടത്തിയ ലോഗോ മത്സരത്തിൽ ഹെർഫോർഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈൻ ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം നടക്കുന്ന വള്ളംകളി മത്സരത്തിന്റെ എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട ലോഗോയായിരിക്കും ഉപയോഗിക്കുക. വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോ മാത്യുവിന് 101 പൗണ്ടും ഫലകവും സമ്മാനമായി ലഭിക്കും. വള്ളംകളി മത്സരവേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യും.
2019, 2022, 2023 വർഷങ്ങളിലെ യുക്മ കേരളപൂരം വള്ളംകളി മത്സരങ്ങൾ നടന്നത് മാൻവേഴ്സ് തടാകത്തിലായിരുന്നു. കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2023ന്റെ ഇവന്റ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. യുക്മ ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷനൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസിനാണ്.
എകദേശം ഏഴായിരത്തിലധികം ആളുകളാണ് കാണികളായി കഴിഞ്ഞ വർഷം വള്ളംകളി മത്സരത്തിന് എത്തിച്ചേർന്നത്. ഇപ്രാവശ്യം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ ആളുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിച്ചിട്ടുണ്ട്. മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുമെല്ലാമായി പതിനയ്യായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്.
പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
“യുക്മ കേരളാ പൂരം വള്ളംകളി – 2024” മത്സരം കാണുന്നതിന് മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ.ബിജു പെരിങ്ങത്തറ – 07904785565
കുര്യൻ ജോർജ് – 07877348602
ഷീജോ വർഗീസ് – 07852931287.
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Manvers Waterfront Boat Club
Station Road, Wath-upon-Dearne, Rotherham,
South Yorkshire, S63 7DG.