ബ്രിട്ടനിലും ഇനി ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി; ഒക്ടോബർ മുതൽ പ്രാബല്യത്തിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ പ്രവൃത്തിദിനങ്ങൾ നാലായി ചുരുക്കാൻ ലേബർ സർക്കാർ. തൊഴിലാളികൾക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉൾപ്പെടുന്ന നിയമങ്ങൾ ഒക്ടോബർ മുതൽ നിലവിൽ വരാൻ സാധ്യത. സാധാരണ ജോലിക്കാര്‍ക്ക് വിനോദത്തിനും മറ്റുമായി കൂടുതൽ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ചുരുക്കണമെന്ന ആവശ്യം പ്രധാനമന്ത്രി പദവിയിൽ എത്തും മുൻപ് തന്നെ കിയേർ സ്റ്റാമെർ ഉന്നയിച്ചിരുന്നു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവാഴിക്കുന്നതിന് പുതിയ നിയമങ്ങൾ ഏറെ സഹായകരമാണെന്നാണ് കിയേർ സ്റ്റാമെറിന്റെ നിലപാട്. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ തൊഴിലാളികൾക്ക് അനുമതി നല്‍കുന്ന പുതിയ നിയമമാണ് ഒക്ടോബറോടെ പ്രാബല്യത്തിൽ വരുന്നത്. തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കരാർ അനുസരിച്ചുള്ള മണിക്കൂറുകളിൽ ജോലി പൂർത്തിയാക്കണം.
ഇതോടെ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച അവധി ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് പുതിയ നിയമത്തിനായി നീക്കങ്ങൾ നടത്തുന്നത്. വിവിധ തൊഴിലുടമകളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ നിയമം വികസിപ്പിച്ചിട്ടുള്ളത്.
ബ്രിട്ടനിൽ നിലവിൽ തൊഴിലുടമയിൽ നിന്നും തൊഴിലാളികൾക്ക് ആവശ്യമായ തൊഴില്‍ സമയം ആവശ്യപ്പെടാമെങ്കിലും ഇത് അനുവദിക്കണമെന്ന് നിർബന്ധമില്ല. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത് ജീവനക്കാരുടെ അവകാശമാകും.