ഇന്ത്യന് വംശജന്റെ മരണകാരണം കഴുത്തിനേറ്റ പരുക്ക്; പ്രതിയായ 14 വയസ്സുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ ലെസ്റ്ററിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി കേവലം 14 വയസ്സ് മാത്രം പ്രയമുള്ള ബാലൻ. രാജ്യത്തെ ആകെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം ഈ അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. സംഭവത്തോടനുബന്ധിച്ച് 13 വയസ്സിനും പത്തുവയസ്സിനും മധ്യേ പ്രായമുള്ള പെൺകുട്ടികൾ ഉൾപ്പെടെ മറ്റു നാലുപേരേക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെയെല്ലാം മറ്റു നടപടികളിലേക്ക് കടക്കാതെ തൽകാലം വിട്ടയച്ചിരിക്കുകയാണ്.
മുഖ്യപ്രതിയായി പൊലീസ് കണ്ടെത്തിയ 14 വയസ്സുള്ള ബാലനെ ഇന്ന് ലെസ്റ്റർ യൂത്ത് കോർട്ടിൽ ഹാജരാക്കും. പ്രതി മൈനറായതിനാൽ പേരോ ഫോട്ടോയെ പ്രസിദ്ധപ്പെടുത്തുന്നതിൽ നിയമപരമായ തടസങ്ങളുണ്ട്. കഴുത്തിനേറ്റ പരുക്കാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലെസ്റ്ററിലെ ബ്രൌൺസ്റ്റോൺ പട്ടണത്തിലെ ഫ്രാങ്ക്ലിൻ പാർക്കിലാണ് കഴിഞ്ഞദിവസം ഭീം സെൻ കോലി എന്ന വൃദ്ധൻ (80) അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വൈകിട്ട് വീട്ടിൽനിന്നും ഏതാനും വാരെമാത്രം അകലെയുള്ള പാർക്കിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ വൃദ്ധനെയാണ് കഴുത്തിന് മുറിവേറ്റ് അത്യാസന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിൽ ഏതാനും കുട്ടികളാണെന്ന് കണ്ടെത്തിയത്.
സംഭവത്തോടനുബന്ധിച്ച് സമീപവാസികളായ അഞ്ചുകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും നാലുപേരെയും ചോദ്യം ചെയ്യലിനുശേഷം തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിട്ടയച്ചു. എന്നാൽ 14 വയസ്സ് മാത്രം പ്രായമുള്ള ഇവരിൽ ഏറ്റവും മുതിർന്ന കുട്ടിയെ കസ്റ്റഡിയിൽ സൂക്ഷിച്ച് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു.