അയര്‍ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
Mail This Article
നോക്ക് ∙ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ അയര്‍ലന്‍ഡില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു. യൂറോപ്പിലെ പ്രമുഖ മരിയന്‍ തീഥാടന കേന്ദ്രമായ നോക്ക് ബസലിക്ക പള്ളിയിലായിരുന്നു ചടങ്ങുകള്‍. വിശുദ്ധ കുര്‍ബാനയ്ക്കും പെരുന്നാള്‍ ചടങ്ങുകള്‍ക്കും ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.
സെപ്റ്റംബര്‍ ഏഴിന് രാവിലെ 9.30ന് പ്രഭാത പ്രാര്‍ത്ഥനയോടെയായിരുന്നു പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചത്. മെത്രാപ്പൊലീത്തയോടൊപ്പം ഫാ. ജെനി ആന്‍ഡ്രൂസ്(ഭദ്രാസന സെക്രട്ടറി), ഫാ. അബ്രാഹം പരുത്തിക്കുന്നേല്‍, ഫാ. റെജീഷ് സ്‌കറിയ, ഫാ. ബിജോയ് കറുകുഴി(ഭദ്രാസന വൈസ് പ്രസിഡന്‍റ്), ഫാ. ജിനോ ജോസഫ്, ഫാ. ബിബിന്‍ ബാബു, ഫാ. ജിനു കുരുവിള, ഫാ. പീറ്റര്‍ വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായി.
ബസലിക്കയില്‍ നിന്നും വിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തില്‍ ഭദ്രാസന ട്രഷറര്‍ ബിനു അന്തിനാട് മരകുരിശ് വഹിച്ചു.
ചാപ്പലില്‍ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരും പങ്കാളികളായി.
അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും പങ്കുകൊണ്ടു. പാച്ചോര്‍ നേര്‍ച്ചയോടെയാണ് പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചത്.