ജർമന്‍ പര്‍വതനിരകളില്‍ തീപിടിത്തം
Mail This Article
ബര്‍ലിന്‍ ∙ ജര്‍മ്മനിയിലെ ഹാര്‍സ് മേഖലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ബ്രോക്കണ്‍ പര്‍വതത്തിന് താഴെയുള്ള കൊയിനിഗ്സ്ബുര്‍ഗില്‍ കാട്ടുതീ പടരുന്നത് അധികാരികളില്‍ ആശങ്കയിലാക്കി. മധ്യ ജര്‍മ്മനിയിലെ പര്‍വതനിരകളിലെ വന്‍ കാട്ടുതീയെ നേരിടാനുള്ള അഗ്നിശമന വിമാനങ്ങള്‍ ഞായറാഴ്ച രാവിലെ മുതൽ പ്രവർത്തിച്ചെങ്കിലും മൂന്നാം ദിവസവും തീ ആളിപ്പടരുകയാണ്. അതേസമയം ഹാര്‍സ് നാഷണല്‍ പാര്‍ക്കിലെ ബ്രോക്കണ്‍ പര്‍വതത്തില്‍ രാത്രിയില്‍ ഹെലികോപ്റ്ററുകള്‍ പറക്കല്‍ നിര്‍ത്തിവച്ചു.
സാക്സണ്‍ അന്‍ഹാള്‍ട്ട് സംസ്ഥാനത്തിലാണ് ഹാര്‍സ് ജില്ല സ്ഥിതിചെയ്യുന്നത്. ഞായറാഴ്ച രാവിലെ 8 മുതല്‍ എട്ട് ഹെലികോപ്റ്ററുകളും നാല് വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരിയ്ക്കയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹാര്‍സ് പര്‍വതനിരകളില്‍ തീപിടുത്തമുണ്ടായത്. 500 ഓളം കാല്‍നടയാത്രക്കാരെയും മറ്റ് വിനോദസഞ്ചാരികളെയും പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വന്നു. തീയണയ്ക്കാന്‍ 250 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി ഹാര്‍സ് ജില്ലയുടെ വക്താവ് പറഞ്ഞു.ബ്രോക്കണിന് ചുറ്റുമുള്ള എല്ലാ ഹൈക്കിങ് പാതകളും അടച്ചിരിക്കുകയാണ്.