ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ലണ്ടൻ ∙ യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ജേക്കബ്സ് വെൽ ഹാളിലായിരുന്നു പരിപാടി നടന്നത്.
മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകി നടത്തിയ ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി.എ. ജോസഫ് നിർവഹിച്ചു. ജിഎംസിഎയുടെ ആദ്യ വനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ സ്വാഗതമാശംസിച്ചു.
ഓണാഘോഷങ്ങളുടെ ആഴത്തിലുള്ള അർഥം പുതുതലമുറയ്ക്ക് പകർന്നുനൽകാനുള്ള ദൗത്യവുമായി വേദിയിലെത്തിയ അമ്മൂമ്മ, തന്റെ കഥകളിലൂടെ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വർണിച്ചു. പാരമ്പര്യവും ആധുനികതയും കലർന്ന തീം ഡാൻസിലൂടെ, കലാകാരന്മാർ കേരളത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യം വേദിയിൽ പകർത്തി. ഈ അനുഭവം പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു ദൃശ്യ വിരുന്നായിരുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത യാർന്ന വിനോദ കായിക പരിപാടികളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി ജിഎംസിഎയുടെ പ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന വള്ളംകളി, നൃത്ത രൂപങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയെല്ലാം കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. പരിപാടികളുടെ അവതാരകയായി എത്തിയ ആനിയും ആദിത്യയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
പങ്കെടുത്ത മുഴുവൻ ആളുകൾക്കും സെക്രട്ടറി നിക്സൺ ആന്റണി നന്ദി പ്രകാശിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രസിഡന്റ് മോളിക്ലീറ്റസ് സെക്രട്ടറി നിക്സൺ ആന്റണി, ട്രഷറർ സ്നോബിൻ മാത്യു എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസി ഷിജു, വിനോദ് ജോസഫ്, അനുഷ തോമസ്, രാജിവ് ജോസഫ്, ഷിജു മത്തായി, മാർട്ടിൻ ജോസഫ്, ആനി സാം എന്നിവരുമാണ്.