പ്രീതി പട്ടേലിനു പിന്നാലെ മെൽ സ്ട്രൈഡും പുറത്ത്; ടോറി നേതാവാകാൻ അവശേഷിക്കുന്നത് നാലുപേർ
Mail This Article
ലണ്ടൻ ∙ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ലീഡർ സ്ഥാനത്തേക്കുള്ള മൽസരത്തിൽനിന്നും മുൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡും പുറത്തായി. ചൊവ്വാഴ്ച നടന്ന എംപിമാർക്കിടയിലെ രണ്ടാം വട്ട വോട്ടെടുപ്പിൽ കേവലം 16 വോട്ടുകൾ മാത്രം നേടി അവസാനസ്ഥാനത്ത് എത്തിയതോടെയാണ് മൽസരത്തിൽനിന്നും മുൻമന്ത്രി പുറത്തായത്. ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ 14 വോട്ടു മാത്രം നേടി ആദ്യറൗണ്ടിൽതന്നെ പുറത്തായിരുന്നു
ആദ്യറൗണ്ടിൽ 28 വോട്ടു നേടി മുന്നിലായിരുന്ന മുൻ ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെനറിക്കിനാണ് രണ്ടാം റൗണ്ടിലും ഏറ്റവും അധികം എംപിമാരുടെ പിന്തുണ ലഭിച്ചത്. രണ്ടാം റൗണ്ടിൽ ഇത് 33 വോട്ടായി ഉയർന്നു. 28 വോട്ടു നേടിയ കെമി ബാഡ്നോച്ചാണ് ഇപ്പോഴും രണ്ടാം സ്ഥാനത്ത്. ജെയിംസ് ക്ലവേർലി, ടോം ട്വിഗ്വിൻടാക് എന്നിവർ 21 വോട്ടുകൾ വീതം നേടി മൂന്നാം സ്ഥാനം പങ്കിട്ടു. ജെയിംസ് ക്ലവേർലിക്ക് 21 വോട്ടുതന്നെയായിരുന്നു ആദ്യറൗണ്ടിലും ലഭിച്ചത്. എന്നാൽ ടോം ട്വിഗ്വിൻടാക് നാലുപേരുടെ പിന്തുണ വർധിപ്പിച്ചാണ് ക്ലവേർലിക്ക് ഒപ്പമെത്തിയത്.
വരും ദിവസങ്ങളിൽ എംപിമാർക്കിടയിൽ വീണ്ടും വോട്ടെടുപ്പ് തുടരും. കുറഞ്ഞ വോട്ടു ലഭിക്കുന്നയാൾ ഓരോ റൗണ്ടിലും പുറത്തായി ഒടുവിൽ അവശേഷിക്കുന്ന രണ്ടുപേർ തമ്മിലാകും പാർട്ടി അംഗങ്ങൾക്കിടയിലെ മൽസരം. സെപ്റ്റംബർ അവസാനം പാർട്ടിയുടെ നാഷനൽ കോൺഫറൻസ് നടക്കുന്നതിനു മുമ്പ് ഈ വോട്ടെടുപ്പുകൾ പൂർത്തിയാകും. അവസാനം അവശേഷിക്കുന്ന രണ്ടു സ്ഥാനാർഥികൾക്കും പാർട്ടി കോൺഫറൻസിനെ അഭിസംബോധന ചെയ്ത് തങ്ങളുടെ നയപരിപാടികൾ വിശദീകരിക്കാൻ അവസരം ലഭിക്കും. ഒക്ടോബർ 31നാകും അവസാനറൗണ്ട് വോട്ടെടുപ്പ്. നവംബർ രണ്ടിനാവും ഫലപ്രഖ്യാപനം.