മലയാളി അസോസിയേഷൻ ഓഫ് ചെൽറ്റൻഹാം 'ഓണനിലാവ് 2024' സെപ്റ്റംബർ 14ന്
Mail This Article
ചെൽറ്റൻഹാം ∙ ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽറ്റൻഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷന്റെ 'ഓണ നിലാവ് 2024' സെപ്റ്റംബർ 14ന് സെന്റ് എഡ്വേർഡ് സ്കൂളിൽ നടക്കും. ഓണ നിലാവിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻറ് ബെൻസൺ തോമസും സെക്രട്ടറി ഷിമ്മി ജോർജും അറിയിച്ചു.
ചെൽറ്റൻഹാം മലയാളികൾക്ക് ഒണം അതിന്റെ തനിമയിൽ തന്നെ നടത്തുവാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സ്വാദിഷ്ടമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, നാടൻപാട്ട്, കലാസന്ധ്യ എന്നിവയുമായി വേറിട്ട ആഘോഷമായിരിക്കും ഇക്കുറിയെന്ന് സംഘാടകർ അറിയിച്ചു.
ശിങ്കാരിമേളവും പുലികളിയും ഇക്കുറി ഓണാഘോഷത്തിന് മാറ്റുകൂട്ടും. ഒപ്പം 151 മലയാളി മങ്കമാരുടെ മെഗാ തിരുവാതിര മറ്റൊരു ആകർഷണമാണ്. കലാപരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് ആർട്സ് കോർഡിനേറ്റർ സജിനി കുര്യനാണ്. 'ഓണ നിലാവ് 2024' ലേക്ക് ചെൽറ്റൻഹാമിലെ എല്ലാ മലയാളികളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ അറിയിച്ചു.