നിർണായക തീരുമാനവുമായി ഫോക്സ്‌വാഗൻ; മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും
Mail This Article
ബർലിൻ∙ ജർമനിയിലെ പ്രമുഖ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാനിച്ചു. ഇത് ജർമനിയിലെ മാത്രമല്ല, ഫോക്സ്‌വാഗനിൽ ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള തൊഴിലാളികളെ ബാധിക്കും. മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.
1994 മുതൽ നിലനിന്നിരുന്ന തൊഴിലുറപ്പ് ഈ വര്‍ഷാവസാനം റദ്ദാക്കും. ഈ തീരുമാനം കമ്പനിക്ക് പുതിയ സാങ്കേതികവിദ്യകളിലും ഉൽപന്നങ്ങളിലും നിക്ഷേപിക്കുന്നതിന് സാമ്പത്തിക സ്ഥിരത നേടാൻ സഹായിക്കുമെന്നാണ് കമ്പനി അധികൃതർ അഭിപ്രായപ്പെടുന്നത്. എന്നാൽ, തൊഴിലാളി സംഘടനകൾ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു.
ഫോക്സ്‌വാഗനിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഇപ്പോൾ ആശങ്കയിലാണ്. രണ്ടു കൊല്ലം മുതൽ ഏഴു വർഷം വരെ കമ്പനിയിൽ സേവനം അനുഷ്ഠിക്കുന്ന നിരവധി പേരെ ഇതിനകം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. തൊഴിലുറപ്പ് റദ്ദാക്കിയതോടെ ഇനിയും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന ആശങ്കയാണ് മലയാളി പ്രവാസികളെ അലട്ടുന്നത്. ജൂലൈ 1 മുതല്‍ പിരിച്ചുവിടലുകള്‍ സാധ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ പല ഫാക്ടറികളും അടച്ച് പൂട്ടമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.