ജര്‍മനിയിൽ കുടിയേറ്റം തടയണമെന്ന് പ്രതിപക്ഷം
Mail This Article
ബര്‍ലിന്‍ ∙ കടവും കുടിയേറ്റവുമായിരിക്കും ശരത്കാലത്ത് ജർമനി നേരിടുന്ന എറ്റവും വലിയ വെല്ലുവിളികളെന്ന് റിപ്പോർട്ട്. താമസക്കാര്‍ക്കും ബിസിനസുകള്‍ക്കും നികുതി ഇളവ്, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ പദ്ധതികൾക്കായുള്ള ധനസമാഹാരണത്തിൽ പ്രതിസന്ധിയിലാണ് രാജ്യം.
അടുത്ത വർഷം ഏകദേശം 490 ബില്യൻ യൂറോ ചെലവഴിക്കാനാണ് സർക്കാർ പദ്ധതി. ഇതിൽ പത്തിലൊന്നില്‍ കൂടുതല്‍ അതായത് 51.3 ബില്യൻ യൂറോ വായ്പയിലായിരിക്കും. 81 ബില്യൻ യൂറോയുടെ റെക്കോര്‍ഡ് നിക്ഷേപവും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്.
ക്രമരഹിതമായ കുടിയേറ്റം തടയാന്‍ കൂടുതല്‍ നടപടി വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം സർക്കാരിന്റെ കുടിയേറ്റ നയത്തെ ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അനുകൂലിച്ചു. രാജ്യത്തെ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനായ് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു. ബര്‍ലിനില്‍ കുടിയേറ്റ നയം സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
തുടർന്ന് ബണ്ടെസ്റ്റാഗിലാണ് അദ്ദേഹം കുടിയേറ്റത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. ഷെംഗന്‍ ഏരിയയില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ ചിട്ടയായ അതിര്‍ത്തി പരിശോധനകള്‍ ജര്‍മനി അവതരിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന് കുടിയേറ്റം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലേക്ക് എത്തുന്ന വിദഗ്ധ തൊഴിലാളികളുടെ പ്രാധാന്യവും ഷോള്‍സ് കൂട്ടിചേർത്തു.