യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസന കുടുംബ സംഗമം ലെസ്റ്ററിൽ
Mail This Article
ലണ്ടൻ ∙ യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസന കുടുംബ സംഗമം 2024 സെപ്റ്റംബർ 28നും 29നും (ശനി, ഞായർ) ലെസ്റ്റർ സെന്റ് മേരീസ് ഇടവകയുടെ ആതിഥേയത്വത്തിൽ ലെസ്റ്ററിലെ പ്രജാപതി ഹാളിൽ നടത്തും. യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ ക്രമീകരണങ്ങൾ ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ഐസക് മാർ ഒസ്താത്തിയോസിന്റെ മേൽനോട്ടത്തിൽ പൂർത്തിയായി.
വിവിധ ദേവാലയങ്ങളിൽ നിന്ന് എത്തുന്ന വിശ്വാസികളെ 28ന് രാവിലെ 8 മുതൽ സ്വീകരിക്കും. കുടുംബ സംഗമം മാർത്തോമ്മാ സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഐസക് മാർ ഒസ്താത്തിയോസ് അധ്യക്ഷത വഹിക്കും.
ഡോ. സി.ഡി. വർഗീസ് കുടുംബ നവീകരണ സെമിനാറിന് നേതൃത്വം നൽകും. കുട്ടികൾക്കും, കൗമാരക്കാർക്കും പ്രത്യേകം ബൈബിൾ ക്ലാസുകളും നടത്തും. സന്ധ്യാപ്രാർഥനയ്ക്കു ശേഷം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 29ന് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ ആഘോഷിക്കും. 8.30ന് പ്രഭാത പ്രാർഥനയും
ഐസക് മാർ ഒസ്താത്തിയോസിന്റെ നേതൃത്വത്തിൽ അഞ്ചിൻമേൽ കുർബാനയും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം പൊതുസമ്മേളനം, ഉച്ചഭക്ഷണം, കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ.
ആയിരത്തിലേറെ വിശ്വാസികൾ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഓൺലൈനിൽ റജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കൺവീനർ ഫാ. എബിൻ മർക്കോസ് 07404240659,
എംഎസ്ഒസി യുകെ ട്രഷറർ ഷിബി ചേപ്പനത്ത് 07825169330.